രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും സിഎഎ വിരുദ്ധ പ്രതിഷേധം; വടക്കുകിഴക്കന്‍ മേഖലയില്‍ കരിങ്കൊടികളും ബാനറുകളും ഉയര്‍ന്നു, പോരാടാന്‍ ജനങ്ങളോട് ആഹ്വാനം

ഗുവാഹത്തി: നീണ്ട ഇടവേളക്ക് ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രണ്ട് വര്‍ഷത്തിന് ശേഷം സിഎഎ വിരുദ്ധ പ്രതിഷേധമുണ്ടായത്. സംസ്ഥാന വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്റെ (നെസോ) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രണ്ടാം വാര്‍ഷികം കരിദിനമായാണ് നെസോ ആചരിച്ചത്. സി എ എ വിരുദ്ധ പ്രതിഷേധാനന്തരം രൂപവത്കരിച്ച ആസാം ജാതീയ പരിഷത് (എ ജെ പി) നിയമത്തിന്റെ കോപ്പികള്‍ കത്തിച്ചു.

Advertisements

മൂന്ന് മാസത്തിലേറെ നീണ്ട പ്രതിഷേധം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.അതേസമയം, വിദേശികളായ ആര്‍ക്കും പൗരത്വം നല്‍കരുതെന്ന വംശീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് വടക്കുകിഴക്കന്‍ മേഖലയിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധമെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നടന്ന പ്രതിഷേധത്തിന്റെ അടിസ്ഥാനം, പൗരത്വം ലഭിക്കുന്ന പട്ടികയില്‍ നിന്ന് മുസ്ലിംകളെ മാത്രം ഒഴിവാക്കിയതിന്റെ പേരിലായിരുന്നു. പ്രതിഷേധ സൂചകമായി വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും കരിങ്കൊടികളും ബാനറുകളും നെസോ ഉയര്‍ത്തി. സി എ എക്കെതിരെ പോരാടാന്‍ സംഘടന ജനങ്ങളോട് ആഹ്വാനം ചെയ്തു. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയുടെ പാസ്സാക്കിയതോടെ കനത്ത പ്രതിഷേധത്തിനാണ് വടക്കുകിഴക്കന്‍ മേഖലയും രാജ്യത്തുടനീളവും സാക്ഷ്യംവഹിച്ചത്.

Hot Topics

Related Articles