കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. താരതമ്യേന അതിവേഗത്തിലാണ് സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് എന്ന് പറയാം. അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് ഈ വേഗത്തിലുള്ള നടപടി.
കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള 20 പേരെ പ്രതികളാക്കി കൊണ്ടാണ് പ്രാഥമിക കുറ്റപത്രം. സിദ്ധാര്‍ത്ഥിന്‍റെ കോളേജ് ക്യാംപസിലെത്തി നേരത്തെ സിബിഐ വിശദമായ പരിശോധന നടത്തിയിരുന്നു. മുൻ വിസി, ഡീൻ, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെയെല്ലാം മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ അതിവേഗത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥന്‍റെ മരണമുണ്ടാകുന്നത്. ഇതിന് ശേഷം 90 ദിവസത്തിനകം തന്നെ പ്രാഥമിക കുറ്റപത്രം വന്നില്ലെങ്കില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാൻ അവസരമുണ്ടാകും. ഇത് കണക്കിലെടുത്താണ് സിബിഐ സംഘത്തിന്‍റെ നീക്കം.
റാഗിങ്, ആത്മഹാത്യാ പ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് വരുന്ന അന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും കേസെടുക്കുമെന്നും സിബിഐ അറിയിച്ചതാണ്.
ഇതിനിടെ ഇന്ന് സിദ്ധാര്‍ത്ഥന്‍റെ കേസ് വളരെ ഗുരുതരമായ സംഭവം തന്നെയെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. മനുഷ്യത്വരഹിതമായ ആക്രമമാണ് നിരവധി കുട്ടികൾക്ക് മുന്നിൽ വിദ്യാർത്ഥി നേരിടേണ്ടിവന്നതെന്നും ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുൻ വിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ പരാമർശം.