കൊല്‍ക്കത്ത : കൊല്‍ക്കത്തയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ സംഘം കൊല്‍ക്കത്തയിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍, ഫോറൻസിക് സംഘവും സിബിഐക്കൊപ്പം എത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം നീതിപൂർവ്വമല്ലെന്ന ഡോക്ടറുടെ മാതാപിതാക്കളുടെ വാദം പരിഗണിച്ചാണ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും, ഭരണകൂടം ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന ആശങ്ക മാതാപിതാക്കള്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് ന്യായമാണെന്നും നിരീക്ഷിച്ചു. അതോടൊപ്പം രാജി വച്ച പ്രിൻസിപ്പലിന് മറ്റൊരു കോളേജില്‍ നിയമനം നല്‍കിയതിനെയും കോടതി വിമർശിച്ചു. പ്രിൻസിപ്പലിനോട് അനിശ്ചിതകാല അവധിയില്‍ പോകാനും നിർദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ റസിഡന്റ് ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യവ്യാപകമായി നടത്തി വന്ന പണിമുടക്കാണ് സംഘടന ഇതോടെ പിൻവലിച്ചത്.