വൈക്കം : കേന്ദ്രസർക്കാരിന്റെ സാംസ്കാരിക മേഖലയിലെ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പഠന സിലബസ് വർഗീയ വൽക്കരിക്കുകയും ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത് . ഈ നീക്കങ്ങൾ അവസാനിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പുരോഗമന കലാ സാഹിത്യ സംഘം വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എസ് രമേശൻ നഗറിൽ (നാനാടം ആതുരാശ്രമം സ്കൂൾ ഓഡിറ്റോറിയം ) നടന്ന സമ്മേളനം സേവ്യർ പുൽപാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ സി കുമാരൻ അധ്യക്ഷനായി . ഏരിയ സെക്രട്ടറി കെ കെ ശശികുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ നയരേഖയും അവതരിപ്പിച്ചു.ഡി മനോജിന്റെ ഫോട്ടോ പ്രദർശനം സമ്മേളനത്തിന്റെ ഭാഗമായി നടന്നു . ഫോട്ടോ പ്രദർശനം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി അഡ്വ എൻ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു . വൈക്കം ടൗൺ കമ്മിറ്റിയുടെ ലെറ്റർ മാഗസിൻ പ്രകാശനം സിപിഐഎം ഏരിയ സെക്രട്ടറി കെ അരുണൻ നിർവഹിച്ചു . കെ ആർ അജിത്ത് രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഡോ. എം ജി ബാബുജി നിർവഹിച്ചു.
അഡ്വ അംബരീഷ് ജി വാസു, ടി കെ ഗോപി, ഹേന ദേവദാസ്, കെ എസ് ഗോപിനാഥൻ, വി മോഹൻകുമാർ എന്നിവർ സംസാരിച്ചു. ജയകുമാർ കെ പവിത്രൻ രചിച്ച്, അഡ്വ.അംബരീഷ് ജി വാസു ഈണം നൽകിയ സ്വാഗതഗാനം വൈക്കത്തെ ഗായകർ ആലപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമത്തിൽ വൈക്കത്തെ കലാ സാംസ്കാരിക പ്രതിഭകളെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.