രാജ്കോട്ട്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മക്ക് വീണ്ടും സെഞ്ചുറി. മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് സെഞ്ചുറി. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും ഇതോടെ തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും തിലക് സ്വന്തം പേരിലാക്കി. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് 151 റണ്‍സെടുത്ത് മെച്ചപ്പെടുത്തിയത്.ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ രാഹുല്‍ സിംഗ് ഗാലൗട്ടിനെ നഷ്ടമായെങ്കിവും മൂന്നാം നമ്ബറിലിറങ്ങിയ ഹൈദരാബാദ് ക്യാപ്റ്റൻ കൂടിയായ തിലക് 67 പന്തില്‍ 151 റണ്‍സടിച്ചു.
14 ഫോറും 10 സിക്സും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റില്‍ തന്മയ് അഗര്‍വാളിനൊപ്പം(23 പന്തില്‍ 55) 122 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ തിലക് മൂന്നാം വിക്കറ്റില്‍ ബുദ്ധി രാഹുലിനൊപ്പം(23 പന്തില്‍ 30) 84 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി.ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്താകുമ്ബോള്‍ ഹൈദരാബാദ് സ്കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്ബരയില്‍ മൂന്നാം നമ്ബര്‍ സ്ഥാനം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവില്‍ നിന്ന് ചോദിച്ചു വാങ്ങിയ തിലക് വര്‍മ അവസാന രണ്ട് കളികളിലും സെഞ്ചുറി നേടി നാലു കളികളില്‍ 280 റണ്‍സടിച്ച് പരമ്ബരയുടെ താരമായിരുന്നു. ഒരു ടി20 പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോര്‍ഡിട്ട തിലക് ഐസിസി ടി20 റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.