ഇസ്ലാമാബാദ്: ചൈനയുടെ സാമ്പത്തിക സഹായത്തോടെ പാകിസ്ഥാനിൽ 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിക്കാൻ ഒരുങ്ങുന്നു. ആണവ നിലയത്തിനായി 4.8 ബില്യൺ ഡോളറിന്റെ കരാറിൽ ചൈന ഒപ്പുവച്ചു. പഞ്ചാബിലെ മിയാൻവാലി ജില്ലയിലെ ചഷ്മയിലാണ് ആണവ നിലയം സ്ഥാപിക്കുന്നത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചത്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആണവ നിലയ കരാറിൽ ഒപ്പുവെച്ചതെന്ന് പ്രധാനമന്ത്രി ഷെരീഫ് വിശേഷിപ്പിച്ചു. പദ്ധതി കാലതാമസം കൂടാതെ പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 4.8 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ചൈന വാഗ്ദാനം ചെയ്യുന്നത്. പദ്ധതിക്കായി ചൈനീസ് കമ്പനികൾക്ക് പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു.
ചൈനയുടെയും മറ്റ് സൗഹൃദ രാജ്യങ്ങളുടെയും സഹായത്തോടെ പാകിസ്ഥാൻ നിലവിലെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വായ്പ ലഭിക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച തുടരുകയാണന്നും ഐഎംഎഫ് മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു.
പാക് സർക്കാരിന് സഹായം നൽകിയതിന് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നീ രാജ്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്ഥാൻ ആണവോർജ കമ്മിഷന്റെ കണക്കനുസരിച്ച് നിലവിലുള്ള നാല് പവർ പ്ലാന്റുകളുടെ ശേഷി 1,330 മെഗാവാട്ട് ഊർജോൽപദനമാണ്.