ചക്കുളത്തുകാവ്:തൃക്കാര്‍ത്തിക ദിനത്തില്‍ നടക്കുന്ന പ്രസിദ്ധമായ ചക്കുളത്ത്കാവ് പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊങ്കാലക്ക് ഇക്കുറി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ തന്നെ വിപുലമായ ഒരുക്കങ്ങള്‍ ഇതിനായി ക്ഷേത്രഭാരവാഹികള്‍ ചെയ്തിട്ടുണ്ട്.
പൊങ്കാലക്ക് ആവശ്യമായ അരലക്ഷം പുതുമണ്കലങ്ങള് എത്തിച്ച് കഴിഞ്ഞു. അടുപ്പുകൂട്ടുന്നതിനാവശ്യമായ ഒന്നര ലക്ഷം ഇഷ്ടികകളും എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുദ്ധിമുട്ടുകള്‍ കൂടാതെ പൊങ്കാലയിടുന്നതിനായി ആയിരത്തിലധികം വോളന്റിയേഴ്സിന്റേയും നിരവധി സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും സേവനവും ഉണ്ടാകും. ആലപ്പുഴ, കോട്ടയം പത്തനംതിട്ട കൊല്ലം ജില്ലകളിലെ സ്ഥലങ്ങളിലും വിവിധ റോഡുകളിലുമായി ഏകദേശം 70 കിലോമീറ്ററിലധികം നീളത്തില്‍ ഒന്നര ലക്ഷം അടുപ്പുകളില്‍ ഇത്തവണ ദേവിക്ക് പൊങ്കലനിവേദ്യം അര്പ്പിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. തിരക്കില്‍ സ്ത്രീകളുടെ മാലയടക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോകാതിരിക്കുവാന്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടാകും.
മാല സേഫ്റ്റി പിന്നില്‍ കോര്‍ത്ത് വസ്ത്രത്തില്‍ ചേര്‍ത്ത് കുത്തിവയ്ക്കണമെന്ന നിര്‍ദ്ദേശം പോലീസ് നല്കി കഴിഞ്ഞു. ഇതിനുള്ള പിന്നുകള്‍ വോളന്റിയേഴ്സ് വിതരണം ചെയ്യും. പോലീസ്, അഗ്നിശമനസേന, ആരോഗ്യം, ഗതാഗതം വാട്ടർ അതോറിറ്റി വൈദ്യുതി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ പൊങ്കാല ചരിത്രസംഭവമാക്കുവാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികള്‍.