സിനിമാ താളം
വർഷങ്ങൾക്കു മുമ്പുള്ള ഒരോണക്കാലം.ജാം പാക്ക്ഡായ ഒരു കെ.സി.മൂവീസ്.തീയേറ്റർ മുഴുവൻ തലയറഞ്ഞു ചിരിച്ച ആദ്യപകുതിക്കൊടുവിൽ അപ്രതീക്ഷിതമായെത്തിയൊരു കഥാപാത്രത്തിന്റെ സ്വയം പരിചയപ്പെടുത്തലിലെ ഇന്റർവെൽ പഞ്ചിനു ശേഷം ഇനിയിക്കഥയെങ്ങോട്ടു പോകും എന്ന ആകാംക്ഷയിലാണ് കാണികളെല്ലാം.ഇന്റർവെല്ലിനു വാങ്ങിച്ച എഗ് പപ്സും,ഫ്രയിംസും മടിയിൽ വെച്ച് ഞാനും ആകാംക്ഷയോടെ രണ്ടാം പകുതി തുടങ്ങുന്നതും കാത്തിരുന്നു.ഇന്റർവെല്ലിനു തൊട്ടുമുമ്പത്തെ റീകാപ്പോടെ തന്നെ സിനിമ അടുത്ത ഹാഫാരംഭിച്ചു.സിനിമയിലാദ്യമായവതരിപ്പിക്കപ്പെട്ട ആ കഥാപാത്രം ഇങ്ങനെ പരിചയപ്പെടുത്തി”മൈ നെയിം ഈസ് ആൽഫി”.അയാളുടെ സൺഗ്ലാസിൽ തെളിഞ്ഞ നായകന്റെ മുഖം ചോദിച്ചു.”ആര്?”
അവിടെ നിന്ന് യു-ടേൺ പ്രതീക്ഷിച്ച പ്രേക്ഷകരെ മുഴുവൻ പറ്റിച്ചു കൊണ്ട് ആ നായകനും,അയാളുടെ സംവിധായകനും ചേർന്ന് വീണ്ടും പൊട്ടിച്ചിരിയുടെ പഞ്ചാരിമേളം തീർക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1997..പല നിലയ്ക്കും എനിക്കേറെ പ്രിയപ്പെട്ടൊരു വർഷമാണത്.ആദ്യമായി ഒറ്റയ്ക്കു സിനിമക്കു പോകുന്ന വർഷം.ആദ്യമായി എഗ് പപ്സിന്റെ രുചിയറിയുന്ന വർഷം.ആദ്യമായി കാശുകൊടുത്ത് വെള്ളിനക്ഷത്രം വാങ്ങിത്തുടങ്ങുന്ന വർഷം.ആ വർഷത്തെ ഓണത്തിനാണ് പ്രിയദർശനും,മോഹൻലാലും ചേർന്ന് അപ്പുക്കുട്ടനെന്ന പ്രാരാബ്ധക്കാരനെ എന്റെ മുമ്പിലേക്കിറക്കി വിടുന്നത്.കിലുക്കവും,തേന്മാവിൻകൊമ്പത്തുമൊക്കെ ടി.വിയിൽ കണ്ടു രസിക്കുമ്പോൾ ഒരുപാടാഗ്രഹിച്ചിരുന്നു ഈയൊരു ടീമിന്റെ ഒരു ടിപ്പിക്കൽ കോമഡി എന്റർടെയിനർ തിയേറ്ററിലിരുന്നു കാണാനായി. പ്രിയൻ-ലാൽ ടീമിന്റെ ചന്ദ്രലേഖയിൽ ശോഭനയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന വെള്ളിനക്ഷത്രം എക്സ്ക്ലൂസീവിൽ നിന്നാണ് ചന്ദ്രലേഖയെക്കുറിച്ചുള്ള എന്റെ ഓർമ്മകളൊക്കെയും ആരംഭിക്കുന്നത്.പിന്നീട് ഇരുവരും ഡേറ്റ് പ്രശ്നം മൂലം ഒഴിവായി.97 ലെ ഓണക്കാലത്ത് കളിയൂഞ്ഞാൽ,കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,കളിയാട്ടം,മായപ്പൊന്മാൻ,ഗുരു എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ചന്ദ്രലേഖ റിലീസ് ചെയ്തത്.
ചന്ദ്രലേഖ പ്രിയദർശൻ-മോഹൻലാൽ ടീമിന്റേതായി വന്ന ചിത്രങ്ങളിലെ ഏറ്റവും അവസാനത്തെ പെർഫക്ട് എന്റർടെയിനറാണെന്നാണെന്റെ പക്ഷം;തങ്ങളൊരുപാടു തവണ സൃഷ്ടിച്ച മായികാപ്രപഞ്ചത്തിലെ തിളക്കമുറ്റ ഏടുകളിലെ അവസാനത്തേത്.മലയാളസിനിമയിൽ തന്നെയും അതേ ശ്രേണിയിൽ അതിനോട് കിടപിടിക്കുന്ന മറ്റൊരു സിനിമ വന്നിട്ടുണ്ടോ എന്നു സംശയമാണ്.ഒരു ചെറിയ ഉദാഹരണം പറയാം.തലേ രാത്രിയിലെ ഹോസ്പിറ്റലിലെ ഉറക്കമിളയ്ക്കലിനു ശേഷം അപ്പുക്കുട്ടൻ വീട്ടിലെത്തിയിരിക്കുകയാണ്.അയാളുടെ ശരീരഭാഷയിൽ മുഴുവൻ ആ രാത്രിയുടെ അസഹ്യതയാണ്.കഥയറിയാതെ അന്തം വിട്ടു നിൽക്കുന്ന നൂറിനോട് ഹോസ്പിറ്റലിൽ സംഭവിച്ചതെന്തെന്നു പറയുകയാണ് തൊട്ടടുത്ത സീനിൽ അപ്പുക്കുട്ടൻ.ആ കഥ പറച്ചിലിന്റെ ഒരു ടോണുണ്ട്.പിന്നെ അതിനെയും അപ്രസക്തമാക്കുന്ന മോഹൻലാലിൻറെ ശരീരഭാഷയും.ശരീരം എങ്ങനെയാണ് അത് അത്ര പ്രസക്തമല്ലാത്ത ഒരു ചുറ്റുപാടിൽ ഉപയോഗിക്കേണ്ടത് എന്നതിന്റെ ഒരു മാസ്റ്റർക്ലാസ് എക്സിബിഷനാണ് ചന്ദ്രലേഖയിലെ ഈ ഫ്രെയിമുകൾ.ആ കഥ പറച്ചിലിനിടയിൽ ജാറിൽ നിന്ന് വെള്ളം ഗ്ലാസ്സിലേക്കൊഴിച്ചു പിന്നെ ആ ജാർ എടുത്തു വായിലേക്ക് കമിഴ്ത്തുന്ന ഒരു ഷോട്ടുണ്ട്.എത്രമേൽ ബോധപൂർവം ഒരുക്കിയ ഷോട്ടാണെങ്കിലും അത് എക്സിക്യൂട്ട് ചെയ്തിരിക്കുന്ന രീതിയുടെ സ്വാഭാവികത ഉണർത്തുന്ന നർമ്മം അത്രമേൽ പൊട്ടിചിരിപ്പിക്കുന്നതാണ്.അതിനു തുടർച്ചായി വരുന്ന, പെട്ടി കുത്തിത്തുറക്കാൻ നോക്കുന്ന ശ്രീനിവാസന്റെ റിയാക്ഷൻ ഷോട്ടുകളും ചിരിയുടെ നിർബാധമായ ഒഴുക്കുണ്ടാക്കുന്നു.
“ഇത് ആൽഫി,ആൽഫ്രഡ് ഫെർണാണ്ടസ്”
“അപ്പൊ അവനെവിടെപ്പോയി?”
“എടാ,അവനെ ആരും കണ്ടിട്ടില്ല.അതോണ്ടല്ലേ എല്ലാരും കൂടി എന്നെപ്പിടിച്ചു അവനാക്കിയത് “
“എന്നാലും അവനെവിടെപ്പോയി?”
“എടാ അവനെ ആരും കണ്ടിട്ടില്ലെന്ന് “
പൂട്ട് തുറക്കാൻ ആഞ്ഞു ശ്രമിക്കുന്നതിനിടയിൽ ശ്രീനിവാസൻ വീണ്ടും
“എന്നാലും അവനെവിടെപ്പോയി?”
എഴുതി വരുമ്പോൾ ഈ ഡയലോഗുകളിൽ എവിടെയും ഹ്യൂമർ ഇല്ല.പക്ഷെ വെറും ഒരു ഡയലോഗിന്റെ ആവർത്തനം കൊണ്ട് പ്രിയദർശൻ ഒരുക്കുന്ന ചിരി അമ്പരപ്പിക്കുന്നതാണ്.
നിവൃത്തികേടുകളുടെ പാരമ്യത്തിലാണ് ചന്ദ്രലേഖയിലെ മിക്ക കഥാപാത്രങ്ങളുടെയും നിൽപ്പ്.പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ,അവളുടെ പിതാവിന്റെ കടയിൽ അയാളുടെ ആട്ടും തുപ്പുമേറ്റു കഴിയുന്ന നൂറ് താനാ കടയുടെ പിന്നിലെ ചായ്പ്പിൽ ഒരൊറ്റബെഞ്ചിലാണ് രാത്രിയുറങ്ങാറ് എന്ന് ദൈന്യതയോടെ പറയുമ്പോൾ അപ്പുക്കുട്ടൻ ചോദിക്കുന്ന മറുചോദ്യം എന്നെ ഒരേസമയം ചിരിപ്പിക്കുകയും,കരിയിപ്പിക്കുകയും ചെയ്യാറുണ്ട്”നല്ല വീതിയുള്ള ബെഞ്ചാണോ?”ഇതിലും ഭംഗിയായി-ബ്രൂട്ടലായും-അപ്പുക്കുട്ടൻ തന്റെ നിവൃത്തികേട് എങ്ങനെയവതരിപ്പിക്കാനാണ്?!കാമുകിയുടെ വള പണയം വെച്ചു കിട്ടിയ കാശും വെള്ളത്തിലായെന്ന് തിരിച്ചറിയുന്ന നൂറ് തന്റെ നെഞ്ചിലെരിയുന്ന തീയിനെക്കുറിച്ചു വേവലാതിപ്പെടുമ്പോൾ അപ്പുക്കുട്ടന്റെ പ്രതികരണം ഇങ്ങനെയാണ്.”ഒരു പൂവെടുത്ത് തലയിൽ വെച്ച് റോഡിൽക്കൂടെ ഓടിയാലോയെന്നാലോചിക്കുവാണ് ഞാൻ”.നൂറ് ചവിട്ടി നിൽക്കുന്നത് ചളിയിലാണെങ്കിൽ,അനുനിമിഷം താഴ്ന്നുപോകുന്ന ചതുപ്പിലാണ് അപ്പുക്കുട്ടന്റെ നിൽപ്പ്.ചെയ്യുന്ന കള്ളത്തരത്തിലോരോ അണുവിലും അവർക്കൊപ്പം നിൽക്കാൻ പ്രിയൻ നമ്മെ നിർബന്ധിതരാക്കുന്നത് ഇതുപോലുള്ള ടിറ്റ്സ് ബിറ്റ്സിന്റെ കൃത്യമായ പ്ലേസിംഗിൽ കൂടിയാണ്.
മോഹൻലാലിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ അയാളുടെ ഏറ്റവും അണ്ടർറേറ്റഡ് ആയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അപ്പുക്കുട്ടൻ.കോമഡി ടൈമിംഗ്,എനർജി,കാർട്ടൂണിനെ അനുസ്മരിപ്പിക്കുന്ന ശരീര ചലനങ്ങൾ തുടങ്ങിയവയിലൂടെ അയാൾ അപ്പുക്കുട്ടനെ അവതരിപ്പിക്കുന്നത് മറ്റേതൊരു നടനും സ്വപ്നം കാണാൻ പോലും പറ്റാത്തത്ര അനായാസതയോടെയാണ്.ഹോസ്പിറ്റലിൽ കയർ കിട്ടിയതിന്റെ അടിയിലൂടെ അയാൾ ഊർന്നിറങ്ങി തൊട്ടു താഴെയുള്ള ഫ്ലോറിൽ എത്തുന്ന ഒരു സീനുണ്ട്,ചന്ദ്രയുടെ വസ്ത്രം മാറ്റാൻ വേണ്ടി നിൽക്കുമ്പോൾ ആ നഴ്സുമായുള്ള ഒരു കോമ്പിനേഷൻ സീനിൽ കാണുന്ന ഒരു മുഖഭാവമുണ്ട് (കണ്ണടക്കുന്നതിന് തൊട്ടുമുൻപ് കുറ്റബോധം കൂടു കൂട്ടുന്ന ആ കണ്ണുകൾ..ഹോ!),ഹോസ്പിറ്റലിൽ കാത്തിരിക്കുമ്പോൾ ചന്ദ്രയുടെ സ്യൂട്ട് കേസ് തുറന്നു നോക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ഒരു രംഗമുണ്ട്,ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി ചന്ദ്രയെ ഉണർത്താൻ വേണ്ടി അയാൾ പറയുന്ന “നീ എത്ര ഭാഗ്യവതിയാണ് ഞാനെത്ര ഭാഗ്യവാനാണ് “എന്ന ഡയലോഗിന്റെ ഒരു വോയിസ് മോഡുലേഷനും അതിന്റെ വ്യർത്ഥത സ്വയം ഓർത്തെന്നോണമുള്ള ഒരിടർച്ചയുമുണ്ട്,ലേഖയുടെ സംശയങ്ങൾ ‘ചിരിച്ചു’തള്ളുമ്പോഴുള്ള ഒരു എനർജി ഉണ്ട്,നൂറിനോട് പഴയ ഐസ് സ്റ്റിക്കിന്റെ കഥ പറയുമ്പോഴുള്ള ഒരു ദയനീയത ഉണ്ട്,താമരപ്പൂവിൽ വാഴും എന്ന പാട്ടിൽ ചന്ദ്ര എണീറ്റ് നടക്കുന്നത് കാണുമ്പോൾ അയാളുടെ മുഖത്തു വിരിയുന്ന ചില ഭാവങ്ങളുണ്ട്,അപ്പുക്കുട്ടൻ മോഹൻലാൽ അന്ന് വരെ ചെയ്തിട്ടുള്ള ഒട്ടു മിക്ക കഥാപാത്രങ്ങളുടെയും ഏറ്റവും മികച്ച ഫീച്ചറുകളുടെ ഒരു കൊളാഷ് ആയിരുന്നു.ധാർമികതയ്ക്കും നിസ്സഹായതക്കുമിടയിൽ ഊയലാടുന്ന അപ്പുക്കുട്ടൻ അയാളുടെ നിസ്സഹായ കഥാപാത്രങ്ങളുടെ ശ്രേണിയിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു എന്നാണെന്റെ വായന.പക്ഷെ അതിന്റെ അയാൾ അത്രമേൽ ഭംഗിയാക്കിയിട്ടുമുണ്ട്.അയാളുടെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളുടെ കൂട്ടത്തിൽ എന്നെ സംബന്ധിച്ചിടത്തോളം അപ്പുക്കുട്ടൻ എന്നുമുണ്ടാവും.വാടക കൊടുക്കാനില്ലാതെ നിസ്സഹായതയുടെ ആൾരൂപമായി നിന്ന അതെ മനുഷ്യൻ തന്നെയാണ്മൂന്നു മാസങ്ങൾക്കപ്പുറം ആറാം തമ്പുരാനിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞൊരു മാച്ചോ റോൾ ചെയ്തു ഫലിപ്പിച്ചതെന്നു ആലോചിക്കുമ്പോൾ അന്നത്തെ അയാളുടെ റേഞ്ചിനെ വിസ്മയത്തോടെയല്ലാതെ ഓർക്കാൻ പറ്റുന്നില്ല.ചന്ദ്രലേഖക്ക് ശേഷം പ്രിയദർശൻ അതിനെ വെല്ലുന്ന ഒരു തമാശചിത്രം ഒരുക്കിയിട്ടില്ല,എന്തിന് മോളിവുഡിൽ തന്നെ ചന്ദ്രലേഖയോട് കിട പിടിക്കുന്ന ഒരു ചിത്രം ആ ഴോനേറിൽ പിന്നീടിറങ്ങിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.അപ്പുക്കുട്ടനു ശേഷം അതിന്റെ പാതിയോളമെങ്കിലും അനായാസത തോന്നിക്കുന്ന ഒരു ഓൺ സ്ക്രീൻ ഹ്യുമർ മോഹൻലാലിൽ നിന്നും കിട്ടിയിട്ടില്ല.പെർഫോമൻസുകളും,പാട്ടുകളും,ഫ്രെയിമുകളും,തലയറഞ്ഞു ചിരിക്കാൻ പ്രേരിപ്പിക്കുന്ന കോമിക് സിറ്റുവേഷനുകളും ഇത്രയും പൂർണമായി പിന്നീടൊരു സിനിമയിലും ബ്ലെൻഡഡായിട്ടുമില്ല. ചന്ദ്രലേഖ എല്ലാ അർത്ഥത്തിലും ഒരു ക്ലാസിക് എന്റർറ്റൈനെർ ആണ്,ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള കൊമേർഷ്യൽ സിനിമയും.
മോഹൻലാലിന്റെ ശരീരചലനങ്ങളുടെ അനന്യമായ പെർകഷനാണ് ചന്ദ്രലേഖ ബാക്കി നിർത്തുന്ന ഏറ്റവും സുന്ദരമായ ചിത്രം.കുറേയേറെ ഉദാഹരണങ്ങൾ നിരത്താനുണ്ട്.ആക്സിഡന്റ് പറ്റിയ ചന്ദ്രയെ ഹോസ്പിറ്റലിലെത്തിച്ച ശേഷം തിരിച്ചുപോകാനിറങ്ങുമ്പോൾ മാമുക്കോയയെ കണ്ട ശേഷം അയാൾ ഐ.സി.യു.വിലേക്ക് ഓടിക്കയറുന്ന ഒരു രംഗമുണ്ട്.തന്റെ നായകനിലും,അയാളുടെ പ്രതിഭയിലും അത്രയേറെ വിശ്വാസമുള്ള പ്രിയദർശൻ ഒരു ബാക്ക് ഗ്രൗണ്ട് സ്കോറിന്റെയും സഹായമില്ലാതെയാണ് ആ ഫ്രെയിം സെറ്റ് ചെയ്തിരിക്കുന്നത്.ഐ.സി.യുവിൽ നിന്നും ഡോക്ടർമാർ അയാളെ പുറത്തേക്ക് പിടിച്ചു മാറ്റുമ്പോൾ ലാലിന്റെ ശരീരചലനങ്ങൾ അങ്ങേയറ്റം ഹിലാരിയസായി മാറുന്നുണ്ട്.നഴ്സ് സ്റ്റേഷനിലെ ഡെസ്കിലേക്കും,അവിടെ നിന്ന് വിസിറ്റേഴ്സ് ബെഞ്ചിലേക്കും അയാളൊഴുകി നീങ്ങുകയാണ്;നിലത്ത് എണ്ണ തൂകിപ്പോയിട്ടുണ്ടോ എന്ന് സംശയിപ്പിക്കും വിധം.വേറൊന്ന് ആൽഫിയായി അഭിനയം തുടരാൻ നിർബന്ധിക്കുമ്പോൾ അപ്പക്കുട്ടൻ കുഴപ്പമാകുമോ എന്നു ചോദിക്കുന്ന നിമിഷമാണ്.ശ്രീനി സംസാരിക്കുമ്പോൾ മോഹൻലാൽ തലയ്ക്കു പിന്നിൽ കൈകൾ കെട്ടി മലർന്നു കിടക്കുകയാണ്.ശ്രീനി നിർബന്ധിക്കുമ്പോൾ ലാൽ പതുക്കെ പ്രലോഭിതനാകുന്നുണ്ട്.കൈകൾ രണ്ടും ഒരു പ്രത്യേകതാളത്തിൽ ഇളക്കി അയാൾ “കുഴപ്പമാകില്ലേ?” എന്നു ചോദിക്കുമ്പോൾ അയാളുടെയുള്ളിലെ ആശയക്കുഴപ്പം മുഴുവൻ ആ കൈചലനങ്ങളാൽ സംവേദനം ചെയ്യപ്പെടു ന്നു.
പ്രിയനെ വെറും കോപ്പിയടിക്കാരനെന്ന് എഴുതിത്തള്ളുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്ന് രണ്ട് ഫ്രെയിമുകളുണ്ട് ചന്ദ്രലേഖയിൽ.ഒന്നാമത്തേത് ആൽഫിയെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ എത്തുന്ന കമ്പനി മാനേജർ(അഗസ്റ്റിൻ)ലാലിനെയും ശ്രീനിയെയും കാണുമ്പോഴുള്ള സീൻ ആണ്.അപ്പുവും ആൽഫിയും,അഗസ്റ്റിനും നെടുമുടിക്കും ഇടയിൽ സൃഷ്ടിച്ചിട്ടുണ്ടെന്ന് നമുക്ക് മാത്രം അറിയാവുന്ന ആശയക്കുഴപ്പത്തിനിടയിലാണ് നെടുമുടി “എന്താ കൂട്ടുകാരൻറെ പേര്?”എന്ന് ചോദിക്കുന്നത്.അതിനു ലാൽ മറുപടി പറയുന്ന ശൈലിയും ആ ഷോട്ട് ഡിസൈൻ ചെയ്തിരിക്കുന്ന രീതിയും പ്രിയദർശന്റെ അനന്യ പ്രതിഭക്കുദാഹരണമാണ് .സമാനമാണ് ഹോസ്പിറ്റലിൽ വെച്ചു മാമുക്കോയ മോഹൻലാലിനെ കാണുന്ന ഫ്രെയിമിന്റെ ബ്രില്യൻസും.നമ്മൾ സീനിന്റെ തുടക്കത്തിൽ കാണുന്നത് ഇരുവരും അടുത്തടുത്തു നിൽക്കുന്നതായിട്ടാണ്.എന്നിട്ടും മാമുക്കോയ ലാലിനെ ചീത്ത വിളിക്കുന്നത് അയാൾ കേൾക്കുന്നില്ല.എന്തുകൊണ്ടെന്ന് നമ്മളും അത്ഭുതപ്പെടുന്നിടത്താണ് കാമറ പതുക്കെ അവർക്കിടയിലുള്ള ഗ്ലാസ് സെപറേഷനെ കാണിക്കുന്നത്.തമാശരംഗം എന്ന് നമ്മൾ എഴുതിത്തള്ളുന്ന പല ഫ്രെയിമുകളും ആ മനുഷ്യൻ എത്ര മനോഹരമായാണ് എടുത്തു വെച്ചിരിക്കുന്നതെന്നുള്ളതിന്റെ ചെറിയൊരുദാഹരണം മാത്രമാണ് ഈ ഫ്രെയിം.
ചന്ദ്രലേഖ എനിക്ക് വെറുമൊരു സിനിമയായിരുന്നില്ല.വാണിജ്യസിനിമയുടെ മനം മയക്കുന്ന തിരക്കാഴ്ച്ചകളിലേക്ക് എന്നെ ഉമ്മവെച്ചുണർത്തിയ എന്റെ ആദ്യ സെല്ലുലോയ്ഡൽ റൊമാൻസായിരുന്നു.ആദ്യപ്രണയത്തോട് നമ്മൾ പുലർത്തുന്ന എല്ലാ വൈകാരികതീവ്രതകളും ഈ സിനിമയോടും ഞാൻ പുലർത്തുന്നു.അതിനുമപ്പുറം ചന്ദ്രലേഖ എനിക്ക് ഒരു മോഡേൺ ഡേ ക്ലാസിക് കോമഡി കൂടിയാണ്;ഓരോ കാഴ്ചയിലും പ്രണയമേറി വരുന്ന സുന്ദരമായ തിരക്കാഴ്ച്ച .