ഇന്ത്യക്ക് ഇത് അഭിമാന മുഹൂർത്തംശ്രീഹരിക്കോട്ട: 140 കോടി ഇന്ത്യൻ ജനതയുടെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷ ദൗത്യം ചാന്ദ്രയാൻ 3 വിജയം. ലോകത്തെ സാക്ഷിയാക്കി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്വെയറാണ് നിയന്ത്രണമേറ്റെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തിരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തിരഞ്ഞെടുത്തത്.
ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടക്കമായത്. പേടകത്തിനടിയിലെ നാല് 800 N ലിക്വിഡ് പ്രൊപ്പൽഷൻ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് വേഗത കുറച്ചു. സെക്കൻഡിൽ 1.68 കിലോമീറ്റർ എന്ന വേഗത്തിൽ നിന്ന് സെക്കൻഡിൽ 358 മീറ്റർ എന്ന വേഗത്തിലേക്ക് 690 സെക്കൻഡ് കൊണ്ട് പേടകമെത്തി. ഒടുവിൽ ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 ചാന്ദ്രോപരിതലത്തിൽ ഇറങ്ങി.