കോട്ടയം: പുതുപ്പള്ള പള്ളിയുടെ ഉള്ളിൽ നാടിന്റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ അന്ത്യ കർമ്മങ്ങൾക്കിടെ കണ്ഠമിടറി ചാണ്ടി ഉമ്മൻ. പിതാവിനെ അനുസ്മരിച്ച് നടത്തിയ പ്രസംഗത്തിലാണ് കണ്ഠമിടറി വേദനയോടെ സങ്കടപ്പെട്ട് പറഞ്ഞത്. തന്റെ പിതാവ് ജീവിച്ചത് പുതുപ്പള്ളിയ്ക്കു വേണ്ടിയാണ് എന്നു പറയുന്നതിനിടെയാണ് ചാണ്ടി ഉമ്മന് കണ്ഠമിടറിയത്. അച്ഛന്റെ ഓർമ്മകൾ, അച്ഛൻ പങ്കു വച്ച അറിവുകൾ, തന്നെ വളർത്തിയ രീതികൾ നാടിനെ കണ്ട കാര്യം തുടങ്ങിയ കാര്യങ്ങളെല്ലാം ചാണ്ടി ഉമ്മൻ പറഞ്ഞതോടെയാണ് കണ്ഠമിടറിയത്.
എന്റെ ചെറുപ്പത്തിൽ ഒന്നും അച്ഛൻ വലിയ ആളാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. എന്റെ പിതാവിനെ ഞാൻ പരിചയപ്പെട്ടത് ഒരു ഹർത്താൽ ദിനത്തിലാണ്. ഈ സാഹചര്യത്തിൽ എനിക്ക് എപ്പോഴും കരുത്ത് പകർന്നിരുന്നത് ആ അപ്പ സാധാരണക്കാരനായതാണ്. ഞാൻ ജനിച്ചത് സാധാരണക്കാരനായാണ്. ജീവിച്ചതും സാധാരണക്കാരനായാണ്. മരിക്കുന്നതും സാധാരണക്കാരനായാണ്. അതു പോലെ തന്നെ എനിക്ക് ഔദ്യോഗിക ബഹുമതികൾ ഒന്നും വേണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ഔദ്യോഗിക ബഹുമതികൾ എല്ലാം ഒഴിവാക്കിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.