പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിലെ ചാന്നാനിക്കാട് പട്ടികജാതി സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടത് നൂറിലധികം പേർക്ക് . തട്ടിപ്പിന്റെ വ്യാപ്തി ഒന്നരക്കോടിയിലധികം. 1984 മുതൽ പ്രവർത്തിക്കുന്ന ബാങ്കിൽ നിന്നും പിഗ്മി കളക്ഷൻ തുക പോലും തിരികെ ലഭിക്കാതെ നിക്ഷേപകർ ഒരു വർഷമായി ബാങ്കിൽ കയറിയിറങ്ങുന്നു.
ബാങ്ക് സെക്രട്ടറി വേണുക്കുട്ടനെ ജോയിന്റ് രജിസ്ട്രാർ സസ്പെൻഡ് ചെയ്തതാണ് ഇതു വരെ എടുത്ത നടപടി.
38 വർഷമായി സി പി എം പനച്ചിക്കാട് ലോക്കൽ കമ്മറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന ഈ സംഘത്തിന്റെ പ്രസിഡന്റ് മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സി പി എം ലോക്കൽ കമ്മറ്റി അംഗവുമായ എം ബാബുവാണ്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭർത്താവും ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന പി കെ ബാലനായിരുന്നു ദീർഘകാലം സംഘത്തിന്റെ പ്രസിഡന്റ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും കൂടുതലാണെന്ന് നിക്ഷേപകർ പറയുന്നു. ഓഫീസിനോട് ചേർന്ന് കെട്ടിടം നിർമിച്ചതിലും സിമന്റ്കട്ട യൂണിറ്റ് നിർമ്മാണത്തിലും ടെക്സ്റ്റൈൽ ഷോപ്പ് നടത്തിപ്പിലും തട്ടിപ്പ് കണ്ടുപിടിച്ചതിനെ തുടർന്ന് രണ്ട് ലക്ഷം രൂപ വീതം തിരിച്ചടക്കണമെന്ന് കാണിച്ച് കഴിഞ്ഞ ഭരണ സമിതിയിലെ എല്ലാ അംഗങ്ങൾക്കും മാസങ്ങൾക്ക് മുൻപ് തന്നെ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തുക അടയ്ക്കാതിരിക്കുവാനുള്ള ശ്രമത്തിലാണിവർ . തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കും ഭരണ സമിതിയംഗങ്ങൾക്കുമെതിരായി പോലീസിൽ പരാതി നൽകാതെ വകുപ്പുതല അന്വേഷണം നടത്തി ഒതുക്കി തീർക്കുവാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ നേതൃത്വം .
ഈ തട്ടിപ്പ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും മാസങ്ങളായി സഹകരണവകുപ്പിന് അറിയാമായിരുന്നിട്ടും മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ മാത്രം വകുപ്പ് മന്ത്രി പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാകുമെന്നാണ് നിക്ഷേപകർ പറയുന്നത്. കൂടാതെ പിഗ്മികളക്ഷനിലൂടെ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് നിരവധി പേർ മാസങ്ങളായി ബാങ്കിൽ കയറി ഇറങ്ങുകയാണ്.
ഈ സ്കീമിൽ പണം നിക്ഷേപിച്ച് 25000 രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ തിരികെ ലഭിക്കുവാനുള്ള നൂറു കണക്കിനു വ്യാപാരികളും ചെറുകിട വ്യവസായികളും ചിങ്ങവനം , പന്നിമറ്റം , പരുത്തുംപാറ , ചാന്നാനിക്കാട് , എന്നീ പ്രദേശങ്ങളിലുണ്ട്.
പിഗ്മി തുക കൂടാതെ ബാങ്കിൽ വൻ തുക നിക്ഷേപിച്ച പലരും മാസങ്ങളായി തുക തിരികെ ലഭിക്കുവാൻ ബാങ്കിൽ ചെല്ലുമ്പോൾ ഒപ്പിച്ചു തരാമെന്നും എല്ലാം ശരിയാക്കാമെന്നുമുള്ള മറുപടിയാണ് ബാങ്ക് പ്രസിഡന്റ് എം ബാബു നൽകുന്നതെന്ന് നിക്ഷേപകർ പറയുന്നു. നിക്ഷേപകരായ സി പി എം അനുഭാവികൾക്ക് പ്രാദേശിക നേതാക്കൾ ഇടപെട്ട് രഹസ്യമായി തുക നൽകുന്നതായും ആരോപണമുണ്ട്.