ന്യൂസ് ഡെസ്ക് : അർജന്റീനയിൽ ജനിച്ച വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെ ഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.
1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെയുടെ ജനനം. അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഏണസ്റ്റോ ഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്റെ പേരിന്റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. പ്രസരിപ്പുള്ള കുട്ടിയായിരുന്ന ഗുവേരയെ കളിയാക്കി പിതാവ് ഇങ്ങനെ പറയുമായിരുന്നു. “അവന്റെ ശരീരത്തിൽ ഐറിഷ് വിപ്ലവകാരികളുടെ രക്തമാണ്”. ചെറുപ്പകാലത്തിലേ തന്നെ പാവപ്പെട്ട ജനങ്ങളോടുള്ള ഒരു താൽപര്യം കുട്ടിയിലുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടിയാണ് ആ കുടുംബത്തിൽ ചെ വളർന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ, ലോക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ഗുവേരയ്ക്കുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ പിതാവിൽ നിന്നും ചെസ്സ് കളി പഠിച്ച ചെ, പന്ത്രണ്ടാം വയസ്സു മുതൽ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ തുടങ്ങി. എന്നാൽ മുതിർന്നുവരുന്തോറും അദ്ദേഹത്തിന്റെ താല്പര്യം സാഹിത്യത്തിലേക്കു മാറി. പാബ്ലോ നെരൂദ , ജോൺ കീറ്റ്സ് , ഫെഡറികോ ഗാർസിയ , ഗബ്രിയേലാ മിസ്ത്രൽ , വാൾട്ട് വിറ്റ്മാൻ തുടങ്ങിയവരുടെ കവിതകളിൽ അദ്ദേഹം ആകൃഷ്ടനായി.. റുഡ് യാർഡ് കിപ്ലിംഗിന്റേയും , ഹൊസെ ഹെർണാണ്ടസിന്റേയും കൃതികൾ അദ്ദേഹത്തിനു ഇഷ്ടമായിരുന്നു. വീട്ടിൽ ഏതാണ്ട് 3,000 ത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഇത് ചെ യെ ഒരു ഉത്സാഹിയായ ഒരു വായനക്കാരനാക്കി. ഈ പുസ്തകങ്ങളിലൂടെ അദ്ദേഹം കാറൽ മാർക്സിനേയും , ജൂൾസ് വെർനെയെയുമെല്ലാം മനസ്സിലാക്കിത്തുടങ്ങി. കൂടാതെ , ജവഹർലാൽ നെഹ്രു, ആൽബർട്ട് കാമു , റോബർട്ട് ഫ്രോസ്റ്റ് , എച്.ജി.വെൽസ് തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും അദ്ദേഹം ആസ്വദിച്ചു.
കുറേക്കൂടി മുതിർന്നപ്പോൾ ലത്തീൻ അമേരിക്കൻ സാഹിത്യത്തിലായി അദ്ദേഹത്തിന്റെ താല്പര്യം. അതിന്റെ ഫലമായി, ഹൊറാസിയോ ക്വിറോഗ , സിറോ അലെഗ്രിയാ , ജോർജെ ഇക്കാസ, റൂബൻ ഡാരിയോ, മിഗൽ അസ്തൂരിയസ് തുടങ്ങിയവരുടെ കൃതികൾ അദ്ദേഹം ഇഷ്ടപ്പെടാൻ തുടങ്ങി . ഈ എഴുത്തുകാരുടെ പല ആശയങ്ങളും അദ്ദേഹം തന്റെ നോട്ട്ബുക്കിൽ കുറിച്ചു വെക്കുമായിരുന്നു. ബുദ്ധന്റേയും അരിസ്റ്റോട്ടിലിന്റേയും ആശയങ്ങളും അദ്ദേഹത്തിന്റെ കുറിപ്പുകളിൽ പെടുന്നു. ബെർട്രാണ്ട് റസ്സലിന്റെ സ്നേഹത്തേയും, ദേശപ്രേമത്തേയും സംബന്ധിച്ചുള്ള ആശയങ്ങളും ചെ യെ ഇക്കാലത്ത് ആകർഷിച്ചിരുന്നു.
കൂടാതെ സ്വപ്നവ്യാഖ്യാനത്തേയും , ഈഡിപ്പസ് കോംപ്ലക്സിനേയും സംബന്ധിച്ചുള്ള സിഗ്മണ്ട് ഫ്രോയിഡിന്റെ മനശാസ്ത്ര പരികല്പനകളും അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളിലും രചനകളിലും കടന്നുവരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രം , കണക്ക് , രാഷ്ട്രീയം , സമൂഹശാസ്ത്രം , ചരിത്രം എന്നിവയായിരുന്നു സ്കൂൾ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ പഠനവിഷയങ്ങൾ. ചെ എന്ന ചെല്ലപ്പേര് പിന്നീട് ക്യൂബൻ സഖാക്കൾ ഏണസ്റ്റോവിന് നല്കിയതാണ്. സ്പാനിഷ് ഭാഷയിൽ ചെ എന്ന പദത്തിന് ചങ്ങാതി, സഖാവ്, സഹോദരൻ എന്നൊക്കെ സന്ദർഭാനുസരം വിവക്ഷകളുണ്ട്