ചെന്നൈ: തമിഴ്നാട്ടില്‍ ഭക്ഷണത്തെ ചൊല്ലി വീണ്ടും തല്ലുമാല. ചിക്കൻറെ ഗ്രേവി കിട്ടാൻ താമസിച്ചതിന് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ തല്ലിച്ചതച്ചു. തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ കുറച്ച് ഗ്രേവി ചോദിച്ചു. അത് നല്കാൻ ഇത്തിരി വൈകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷുഭിതരായ യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ ചീത്തവിളിക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു.
സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാഞ്ചിപുരം തേറടിയിലെ റോയല്‍ ബിരിയാണി ഹോട്ടലിലാണ് സംഭവം. ബിരിയാണി കഴിക്കാനെത്തിയ രണ്ട് ചെറുപ്പക്കാര്‍ ചിക്കൻ കറിയുടെ ഗ്രേവി ചോദിച്ചു. തിരക്കിനിടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ ഗ്രേവി നല്കാന് വൈകി. ക്ഷുഭിതരായ ഇരുവരും അടുക്കളയുടെ ഉള്ളില്‍ കയറി ഗ്രേവി എടുക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഇരുവരും പുറത്തുപോയി 10 മിനിറ്റിനുള്ളില്‍ രണ്ട് സുഹൃത്തുക്കളെയും കൂട്ടി തിരിച്ചുവന്ന് കസേര എടുത്ത് ഹോട്ടല്‍ ജീവനക്കാരെ ആക്രമിക്കുകയും ഭക്ഷണസാധനങ്ങള്‍ എടുത്തെറിയുകയും ചെയ്തു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ ഭയന്ന് പുറത്തേക്കോടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ചീപുരം പൊലീസ് , സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ ബംഗാള്‍ സ്വദേശികളായ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അടുത്തിടെ തമിഴ്നാട്ടിലെ മയിലാടുതുറൈ സീര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തില്‍ പായസത്തിന്റെ പേരില്‍ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നവര്‍ തമ്മിലടിച്ചിരുന്നു.
സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്ബ് പായസം വിളമ്ബിയതിന്റെ പേരില്‍ ചിലര്‍ എതിരഭിപ്രായം പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പായസത്തിന് രുചി പോരെന്ന് വരന്റെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികള്‍ ചേര്‍ന്ന് തര്‍ക്കം വഷളായി. ഇതിനിടെ വരന്റെ ഒപ്പമെത്തിയവരില്‍ ചിലര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.