ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫിൻജാല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയില്‍ മഴ കനക്കുന്നു. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങള്‍ റദ്ദാക്കി. സ്വർണാഭരണ ശാലകള്‍ ഇന്ന് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്നുമുള്ള വിമാന സർവീസുകള്‍ ഇൻഡിഗോ നിർത്തിവെച്ചു. രാവിലെ 8:10നു ലാൻഡ് ചെയ്യണ്ട അബുദാബി വിമാനം ബംഗലൂരുവിലേക്ക് തിരിച്ചുവിട്ടു.
മുൻകരുതലെന്നോണം ജനങ്ങള്‍ ഫ്ലൈ ഓവറുകളില്‍ കാറുകള്‍ പാർക്ക് ചെയ്തത് ഗതാഗതം തടസ്സപ്പെടാനും കാരണമായി.
കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയ്ക്ക് ശേഷം ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം. തമിഴ്നാടിൻറെയും തെക്കൻ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ ഇന്ന് അവധി നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്പെഷ്യല്‍ ക്ളാസുകളോ പരീക്ഷകളോ നടത്തരുത് എന്നാണ് നിർദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ നിർദ്ദേശം നല്‍കി. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുത് എന്നും വിനോദ പരിപാടികള്‍ വാരാന്ത്യത്തില്‍ സംഘടിപ്പിക്കരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതേസമയം ചെന്നൈ മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണി വരെ സാധാരണ നിലയില്‍ നടക്കും.