കൊച്ചി : സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശൈശവ വിവാഹങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 45 ശൈശവവിവാഹം നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ശിശുക്ഷേമവകുപ്പിന് ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. വകുപ്പ് അറിയാതെ നടക്കുന്ന വിവാഹങ്ങള്‍ വേറേയുമുണ്ട്. കഴിഞ്ഞ വര്‍ഷം 41 കല്യാണങ്ങളാണ് നടന്നിരിക്കുന്നത്.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 27 ശൈശവവിവാഹമാണ് ഇവിടെ നടന്നത്. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ 36 വിവാഹമാണ് നടന്നിരിക്കുന്നത്. അതേസമയം, ശൈശവവിവാഹം കൂടുതലായി നടക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്ന മലപ്പുറത്ത് മാറ്റംവന്നിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മൂന്നു ശൈശവവിവാഹങ്ങളാണ് നടന്നത്. ഇക്കൊല്ലം ഒരെണ്ണവും.