അബ്രാം ഖുറേഷിയായി ജയന്‍ ; ഒപ്പം ടോം ക്രൂസും ; വൈറലായി ജയന്‍റെ തിരിച്ചുവരവ്

സിനിമ ഡസ്ക് : അബ്രാം ഖുറേഷിയായി നിറഞ്ഞാടുന്ന അനശ്വര നടന്‍ ജയന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വേഷപ്പകര്‍ച്ചയിലാണ് ജയന്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ വിഡിയോ പോലെ തോന്നുമെങ്കിലും സംഭവം എഐയാണ്. മള്‍ടിവേഴ്സ് മാട്രിക്സ് എന്ന പേജാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കോളിളക്കം 2 എന്നാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണ് അബ്രാം ഖുറേഷി. ആ കഥാപാത്രം ജയന്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന ചോദ്യത്തിനുളള ഉത്തരമെന്നോണമാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Advertisements

അബ്രാം ഖുറേഷിയുടെ ഭാവപ്പകര്‍ച്ചയിലും വേഷപ്പകര്‍ച്ചയിലും ജയന്‍ അമ്പരപ്പിക്കുകയാണ്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിഗംഭീരമായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. മറ്റൊരു ഞെട്ടിക്കുന്ന ഘടകം ജയനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഹോളിവുഡ് താരം ടോം ക്രൂസാണ് എന്നതാണ്. കോളിളക്കം 2 എന്ന പേരില്‍ വീണ്ടും ജയനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ഈ വിഡിയോ.ജയന്‍റെ അവസാനം ചിത്രമാണ് കോളിളക്കം. ചിത്രത്തിന്‍റെ ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലാണ് ജയന്‍ മരണപ്പെട്ടത്. സിനിമാ ലോകത്തിന് വലിയ ഞെട്ടലായിരുന്നു ജയന്‍റെ മരണം ഉണ്ടാക്കിയത്. എന്നാലിപ്പോഴിതാ പഴയ ജയനെ വീണ്ടും പഴയതിലും മികവില്‍ കാണാനായ സന്തോഷത്തിലാണ് ആരാധകര്‍. ജയന്റെ ആരാധകരടക്കം നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവയ്ക്കുന്നത്. ‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ’ ഇപ്പോഴും ജീവിച്ചിരിക്കുന്നു.’’ എന്ന അടിക്കുറിപ്പോടെ നടന്‍ ബൈജുവും വിഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു.

Hot Topics

Related Articles