സിനിമ ഡസ്ക് : വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷവും ആരോഗ്യകരമായ സൗഹൃദം സൂക്ഷിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ പെടുന്നവരാണ് ബോളീവുഡ് താരം ആമിർ ഖാനും സംവിധായികയും നിർമ്മാതാവുമായ കിരൺ റാവുവും. തന്റെ പതിറ്റാണ്ടുകൾ നീണ്ട കരിയറിനിടെ കുടുംബത്തിനൊപ്പം മതിയായ സമയം ചെലവഴിക്കാനായില്ല എന്ന കുറ്റബോധത്താൽ കരിയറിൽ നിന്ന് പിൻവാങ്ങുന്നതായി കോവിഡ് കാലത്ത് അമീർ ഖാൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്ന് പുറത്തു വരാൻ തന്നെ സഹായിച്ച ഘടകങ്ങളെ പറ്റി പറയുകയാണ് ആമിർ. ദ ഹോളീവുഡ് റിപ്പോർട്ടർ ഇന്ത്യക്കായി അനുപമ ചോപ്രയക്ക് നൽകിയ അഭിമുഖത്തിലാണ് കിരൺ റാവുവും ആമിർ ഖാനും മനസ്സു തുറക്കുന്നത്.2022-ൽ പുറത്തിറങ്ങിയ ലാൽ ഛദ്ദ സിംഗിൻ്റെ പരാജയത്തിനു ശേഷമാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി ആമിർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തിരിച്ചെത്തിയ ആമിർ തുടർച്ചയായി ആറു പ്രൊജക്ടുകൾ ഏറ്റെടുക്കുകയും ചെയ്തു. എന്റെ ജീവിതത്തിൽ അന്നേവരെ ഒരേ സമയം ആറു സിനിമകൾ ഞാൻ ഏറ്റെടുത്തിരുന്നില്ല. എന്നാൽ അത്തരത്തിലൊരു തീരുമാനം എടുക്കുമ്പോൾ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഇനിയുള്ള പത്ത് വർഷമായിരിക്കും എന്റെ അഭിനയ ജീവിതത്തിലെ സജീവമായുള്ള സമയം.സിനിമയിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം പറഞ്ഞപ്പോൾ കിരൺ റാവു കരഞ്ഞു. സിനിമയെ നിങ്ങൾ വിട്ടു പോകുന്നത് ഞങ്ങളെ വിട്ടു പോകുന്നതിന് തുല്യമാണ്. ആമിർ പറഞ്ഞു.
എന്നാൽ യോഗയും മെഡിറ്റേഷനും പുസ്തക വായനയുമായുള്ള റിട്ടയർമെന്റ് ജീവിതം താൻ ആഗ്രഹിക്കുന്നുണ്ടെന്നും ആമിർ പറയുന്നുണ്ട്. വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷവും സമാന താത്പര്യങ്ങൾ പങ്കുവെക്കുന്ന രണ്ട് വ്യക്തികൾ എന്ന നിലയിൽ ഇരുവരും സൂക്ഷിക്കുന്ന സൗഹൃദത്തെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്.തന്റെ 56-ാം വയസ്സിലുണ്ടായ തിരിച്ചറിവുകൾ വ്യക്തിജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയതായും ആമിർ ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്.ജിവിതത്തിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ചിലപ്പോൾ നമ്മൾ നാളെ മരിച്ചു പോയേക്കാം. അതുകൊണ്ട് കരിയറിൽ ആക്ടീവായി ഇനിയൊരു പത്ത് വർഷം കൂടെയുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ 59 വയസ്സുള്ള ഞാൻ 70 വയസ്സുവരെ പ്രൊഡക്ടീവായി ജീവിക്കാണമെന്നാണ് കരുതുന്നത്. എഴുത്തുകാരും സംവിധായകരും അടക്കമുള്ള ക്രിയാത്മകമായി ചിന്തിക്കുന്നവരെ സഹായിക്കണമെന്നാണ് പ്രായമാകുംതോറുമുള്ള എന്റെ ആഗ്രഹം.2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തത് കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസാണ്. ആമിർഖാൻ, കിരൺ റാവു, ജ്യോതി ദേഷ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.