പൗരത്വ നിയമഭേദഗതി; ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Advertisements

ദില്ലി: പൗരത്വ നിയമഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാൻ ഓണ്‍ലൈന്‍ പോർട്ടൽ നിലവിൽ വരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓണ്‍ലൈന്‍ പോർട്ടല്‍ വഴി 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിന് മുന്‍പോ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസത്യന്‍ സിഖ്, പാഴ്സി, ജയിന്‍, ബുദ്ധിസ്റ്റ് വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാം. രേഖകള്‍ കേന്ദ്രം നിയോഗിക്കുന്ന സമിതി തന്നെ പരിശോധിച്ച് പൗരത്വം നല്‍കുന്നതില്‍ തീരുമാനമെടുക്കും. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ് ഘട്ട് , ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പൗരത്വ നിയമഭേദഗതിയില്‍ നേരത്തെ തന്നെ എതിര്‍പ്പറിയിച്ചിരുന്നു. 

2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി. മുസ്ലിങ്ങളെ പരിഗണിക്കില്ല. 

2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതിലെ പ്രക്ഷോഭം രാജ്യവ്യാപകമായി കടുത്തതോടെ നടപടികളില്‍ നിന്ന് തല്‍ക്കാലത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയിരുന്നു. ബില്‍ പാസാക്കിയെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. 

Hot Topics

Related Articles