തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് പലപ്പോഴും ജനങ്ങളോട് ആരോഗ്യപരമായ സമീപനമുണ്ടാകുന്നില്ലെന്നും ജനങ്ങള്‍ വ്യക്തിപരമായ ഔദാര്യത്തിനല്ല, അവകാശത്തിനു വേണ്ടിയാണ് വരുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എല്ലാവരും ഇത്തരക്കാരല്ലെന്നു പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മറിച്ചു ചിന്തിക്കുന്ന ആളുകളില്‍ തിരുത്തല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഓഫീസുകളില്‍ നിന്ന് തിക്താനുഭവങ്ങളുമായി തിരിച്ചു പോകുന്നവരുണ്ട്. ദീര്‍ഘകാലമായിട്ടും വാതിലില്‍ മുട്ടിയിട്ടു തുറക്കാതെ പോകുന്ന പ്രവണതയുണ്ട്. ഇത്തരക്കാരുടെ ഉദ്ദേശം വ്യക്തമാണെന്നും ആ ഉദ്ദേശത്തോടെ കസേരയില്‍ ഇരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് എങ്ങനെ മുക്തി നേടാമെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പറ്റില്ലെന്നു തന്നെ പറയണമെന്നും എന്നാല്‍ അനുവദിക്കാവുന്ന കാര്യങ്ങളിലും വിമുഖത സ്വീകരിക്കരുത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളം അഴിമതി ഏറ്റവും കുറഞ്ഞ നാടാണെന്നും എന്നാല്‍ അഴിമതി തീരെയില്ലാത്ത നാടാകുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ പരിധിയിലുമുള്ള ആയിരം ആളുകള്‍ക്ക് അഞ്ച് തൊഴില്‍ നല്‍കുക എന്നത് സര്‍ക്കാരിന്റെ നിലപാടാണെന്നും അത് പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ നടപ്പാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും തൊഴില്‍ നല്കുന്ന സ്ഥാപനവുമായി വരുമ്പോള്‍ അവരെ ശത്രുക്കളായി കാണുന്ന ചിലരുണ്ടെന്നും എന്നാല്‍ അവര്‍ നാടിന്റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.