കോസ്‌മെറ്റിക്ക് സർജറി
നിത്യയൗവനത്തിലേക്കുള്ള മാർഗമോ? കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ്, ഡോ കൃഷ്ണകുമാർ കെ. എസ് എഴുതുന്നു

ഡോ കൃഷ്ണകുമാർ കെ. എസ്
സീനിയർ കൺസൾട്ടന്റ്,
മൈക്രോ വാസ്‌കുലാർ സർജറി
ആസ്റ്റർ മിംസ് കോഴിക്കോട്

മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ശസ്ത്രക്രിയാ വിദഗ്ധൻ സുശ്രുത മുതലിങ്ങോട്ടുള്ളവർ അതിനുവേണ്ടി ചികിത്സാസമ്പ്രദായങ്ങൾ പലതും പരീക്ഷിച്ചു. അവയുടെയെല്ലാം ആധുനിക രൂപമായ പ്ലാസ്റ്റിക് സർജറി എന്ന ആശയത്തിലേക്കാണ് ലോകം ഇന്നെത്തി നിൽക്കുന്നത്.

പക്ഷെ ശരീരസൗന്ദര്യം വർധിപ്പിക്കാനുള്ള ഒരുപാധി മാത്രമല്ല പ്ലാസ്റ്റിക്ക് സർജറി. ജീവൻരക്ഷാ സാധ്യതകൾ ഉൾപ്പെടെ, അത് മുന്നോട്ട് വെക്കുന്ന അവസരങ്ങൾ അനന്തമാണ്. സൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് സർജറിയുടെ ഉപവിഭാഗത്തെയാണ് നമ്മൾ കോസ്‌മെറ്റിക്ക് സർജറി എന്ന് വിളിക്കുന്നത്. പലരും ഇവ രണ്ടും ഒന്നാണെന്ന് വിശ്വസിക്കുന്നവരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് പ്ലാസ്റ്റിക് സർജറി?

രൂപാന്തരപ്പെടുത്തുക എന്നർത്ഥമുള്ള പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് പ്ലാസ്റ്റിക് സർജറി എന്ന പദം ഉണ്ടായത്. ന്യൂസിലണ്ടിൽ ജനിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ സർ ഹാരോൾഡ് ഗില്ലീസ് ആണ് ആധുനിക പ്ലാസ്റ്റിക് സർജറിയുടെ പിതാവ്. പക്ഷെ ക്രിസ്തുവിന് മുൻപ് അറുന്നൂറാം നൂറ്റാണ്ടിൽ ഇന്ത്യൻ ഋഷിവര്യൻ സുശ്രുത കണ്ടെത്തിയ പല രീതികളും ഇപ്പോഴും പിന്തുടരുന്നു.

എല്ലാ പ്ലാസ്റ്റിക് സർജറിയും കോസ്‌മെറ്റിക്ക് സർജറിയല്ല. അറ്റുപോയ കൈകാലുകൾ തുന്നിച്ചേർക്കാനും കഴുത്തിലെയും തലയിലെയും ക്യാൻസറുകൾ നീക്കാനും പൊള്ളൽ ഭേദമാക്കാനും മുച്ചുണ്ട് ശരിയാക്കാനുമെല്ലാം പ്ലാസ്റ്റിക് സർജറി ഒരനുഗ്രഹമാണ്. കോസ്മെറ്റിക് സർജറി പ്രധാനമായും രണ്ട് കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. ആദ്യത്തേത്, ശരീരത്തിൽ പ്രായാധിക്യം കാരണമുണ്ടാകുന്ന ലക്ഷണങ്ങൾ മാറ്റാനാണ്. രണ്ടാമത്തേത് ജന്മനാ ഉണ്ടാകുന്നതോ അല്ലെങ്കിൽ അപകടങ്ങൾ കാരണം ഉണ്ടാകുന്നതോ ആയ വൈകല്യങ്ങൾ പരിഹരിക്കാനുമാണ്.

ഏത് ശസ്ത്രക്രിയ കഴിയുമ്പോഴും അത് നമ്മുടെ ശരീരത്തിൽ മുറിപ്പാടുകൾ അവശേഷിപ്പിക്കാറുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്യുമ്പോഴും മുറിപ്പാടുകൾ ഉണ്ടാകുന്നുണ്ട് എന്ന വസ്തുത പലർക്കും അറിയില്ല. ആ പാടുകൾ പരമാവധി കുറയ്ക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നതിലാണ് ഒരു പ്ലാസ്റ്റിക് സർജന്റെ വൈദഗ്ധ്യം.അഥവാ മുറിപ്പാടുകൾ ഒഴിച്ചുകൂടാനാവാത്ത സാഹചര്യമാണെങ്കിൽ അതിന്റെ അഭംഗി പരമാവധി കുറച്ച്, കാഴ്ച്ചയിൽ സ്വാഭാവികത കൊണ്ടുവരാനായിരിക്കും അവർ ശ്രമിക്കുക.

കോസ്‌മെറ്റിക്ക് സർജറി എവിടെയെല്ലാം ചെയ്യാം?

”തല മുതൽ കാല്പാദം വരെ, ശരീരത്തിൽ എവിടെയും” എന്നതാണ് അതിന്റെ ലളിതമായ ഉത്തരം. എങ്കിലും ഏറ്റവുമധികം കോസ്മെറ്റിക് സർജറികൾ നടക്കാറുള്ളത് മുഖത്താണ്.

? ബ്രോ ലിഫ്റ്റ് – നെറ്റിയിലെ ചുളിവുകളും വരകളും മാറ്റാൻ.
? ഫെയ്സ് ലിഫ്റ്റ് – മുഖത്തെ ചുളിവുകളും അയഞ്ഞുതൂങ്ങലും മാറ്റാൻ
? ലേസർ/കെമിക്കൽ പീൽ – സൂക്ഷ്മമായ ചുളിവുകളും അഴുക്കും നീക്കം ചെയ്യാൻ.
? ഡെർമാബ്രെഷൻ – മുഖക്കുരുവിന്റെ പാടുകളും ചുളിവുകളും നീക്കാൻ
? ബ്ലെഫാറോപ്ലാസ്റ്റി – കണ്ണുകൾക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാൻ

ഇവകൂടാതെ മൂക്കിലെയും (റൈനോപ്ലാസ്റ്റി) ചെവിയിലെയും (ഓട്ടോപ്ലാസ്റ്റി) താടിയിലെയും (മെന്റോപ്ലാസ്റ്റി) കഴുത്തിലെയും അഭംഗികൾ പരിഹരിക്കാനും പ്ലാസ്റ്റിക് സർജറി പ്രയോജനപ്പെടുത്താം. അപൂർവമാണെങ്കിലും കഷണ്ടി മാറ്റാനും പുരികങ്ങൾ പുനഃസൃഷിക്കാനും കവിളുകൾ ഭംഗിയാക്കാനുമെല്ലാം പ്ലാസ്റ്റിക് സർജറി ഉപയോഗപ്പെടുത്തുന്നവരുണ്ട്. അനാവശ്യ കൊഴുപ്പ് ഇൻജെക്ഷനിലൂടെ കുത്തിയെടുക്കാനും ആവശ്യമുള്ള മറ്റൊരിടത്ത് ഭംഗിക്ക് വേണ്ടി കുത്തിവെയ്ക്കുകയും ചെയ്യാം. ഇങ്ങനെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനെ ലിപോസക്ഷൻ എന്നാണ് പറയാറുള്ളത്. ബോട്ടോക്‌സ്, ഡർമാ ഫില്ലർസ് എന്നിവയും കോസ്‌മെറ്റിക്ക് സർജറിയുടെ ഭാഗമാണ്. സ്തനങ്ങൾ, അടിവയർ, തുടകൾ, നിതംബം എന്നിവിടങ്ങളിലും കോസ്‌മെറ്റിക്ക് സർജറി ചെയ്യാറുണ്ട്.

ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടാറുള്ള ചില കോസ്മെറ്റിക് സർജറികൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഫെയ്സ് ലിഫ്റ്റ്

പാശ്ചാത്യ രാജ്യങ്ങളിൽ വൻ പ്രചാരം നേടിയതോടെ ഇന്ത്യയിലും ജനപ്രിയമായി മാറിയ കോസ്‌മെറ്റിക്ക് സർജറിയാണ് ഫെയ്സ് ലിഫ്റ്റിങ്. മുഖത്തെ ചുളിവുകളും അയഞ്ഞുതൂങ്ങിയ ചർമവും ഒഴിവാക്കി ഒരു പത്തോ ഇരുപതോ വയസ്സിന്റെ ചെറുപ്പം തോന്നിക്കാൻ ഈ ചികിത്സയ്ക്ക് കഴിയും. മുഖചർമത്തെയും അവിടുത്തെ പേശികളെയും ദൃഢപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുകയുമാണ് ചെയ്യുന്നത്.

  1. റൈനോപ്ലാസ്റ്റി
    മൂക്കിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും ഇന്ന് കോസ്മെറ്റിക് സർജറിക്ക് കഴിയും. മൂക്കിലെ എല്ലുകളെയും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളെയുമാണ് സർജറിക്ക് വിധേയമാക്കുന്നത്. ആവശ്യമെങ്കിൽ മൂക്കിന്റെ വീതിയും മൂക്കിലെ ദ്വാരങ്ങളുടെ വലിപ്പവും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. വളവോ ചരിവോ ഉണ്ടെങ്കിൽ അതും ഭേദമാക്കാം.
  2. ഓട്ടോപ്ലാസ്റ്റി

ചെവികളുടെ അസാധാരണ വലിപ്പമാണ് ചിലയാളുകൾക്ക് പ്രശ്‌നം. ജന്മനാ ചെവിദളങ്ങൾ ഒട്ടുമില്ലാത്ത മനുഷ്യരുമുണ്ട്. ഇവ രണ്ടിനും പരിഹാരമാണ് ഓട്ടോപ്ലാസ്റ്റി. ചെവിയുടെ പിറകുഭാഗത്താണ് സർജറി നടത്തുന്നത്. അപകടത്തിലോ മറ്റോ ചെവി മുഴുവനായി അറ്റുപോയവരാണെങ്കിൽ വാരിയെല്ലിന്റെ ഭാഗം കടമെടുക്കേണ്ടി വരും.

  1. ഗൈക്കോമാസ്റ്റിയ

പുരുഷന്മാരിൽ കാണപ്പെടുന്ന വലിപ്പമേറിയ സ്തനങ്ങൾ പരിഹരിക്കുന്നതിനുള്ള സർജറിയെ വിളിക്കുന്ന പേരാണ് ഗൈക്കോമാസ്റ്റിയ. അമിതമായ കൊഴുപ്പാണ് വില്ലനെങ്കിൽ കീഹോൾ ഉപയോഗിച്ച് അവിടെ ലിപോസെക്ഷൻ ചെയ്യുകയുമാവാം. ലിപ്പോസെക്ഷൻ എന്താണെന്ന് വഴിയേ പറയാം.

  1. സ്തനങ്ങളിലെ കോസ്‌മെറ്റിക്ക് സർജറികൾ

പാശ്ചാത്യ രീതികൾ പിന്തുടരുന്ന മലയാളികൾ, സ്തനങ്ങളുടെ വലിപ്പത്തിലും ഇപ്പോൾ കൂടുതൽ ശ്രദ്ധചെലുത്തി തുടങ്ങിയിട്ടുണ്ട്. ചെറിയ സ്തനങ്ങൾ ഒരു കുറവാണെന്ന് കരുതുന്നവർക്ക് കോസ്മെറ്റിക് സർജറിയുടെ സഹായം തേടാം. സ്തനങ്ങളുടെ അടിയിൽസിലിക്കോൺ ഇംപ്ലാന്റ് സ്ഥാപിച്ചാണ് ഇവയുടെ വലിപ്പം കൂട്ടുന്നത്. സ്തനങ്ങൾക്കടിയിലോ കക്ഷത്തിലോ മുറിവുണ്ടാക്കിയാണ് ജെൽ സ്തനങ്ങളുടെ അടിയിൽ കടത്തിവിടുന്നത്. മുലയൂട്ടുന്നതിന് ഇതൊരു തടസമല്ല. ഈ ശസ്ത്രക്രിയ സ്തനാർബുദത്തെ ക്ഷണിച്ചുവരുത്തും എന്ന പ്രചാരണവും തെറ്റാണ്.

അതേസമയം വലിപ്പമേറിയ സ്തനങ്ങൾ കാരണം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ധാരാളം സ്ത്രീകളും നമുക്കിടയിലുണ്ട്. അങ്ങനെയുള്ളവർക്ക് നടുവേദന ഒരു വലിയ പ്രശ്‌നമായി മാറാം. ബ്രായുടെ സ്ട്രാപ്പ് തോളിൽ അമർന്ന് അവിടെ നിരന്തരം മുറിവുകളുണ്ടാകും. സ്തനങ്ങളിൽ അമിതമായ വിയർപ്പും തൊലിയുരിഞ്ഞു പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇവർക്ക് ബ്രസ്റ്റ് റിഡക്ഷൻ ശസ്ത്രക്രിയ വലിയ ഒരനുഗ്രഹമായിരിക്കും. സ്തനങ്ങൾക്കുള്ളിലെ അമിത ചർമവും കോശങ്ങളും കൊഴുപ്പും നീക്കിയാണ് അവയുടെ വലിപ്പം കുറയ്ക്കുന്നത്. മുലക്കണ്ണിനെ ഉയർത്തി കൂടുതൽ ആകാരഭംഗി വരുത്തി അവയെ ചെറുപ്പമുള്ളതാക്കി നിലനിർത്താനും കഴിയും.

സ്തനാർബുദം കാരണം സ്തനങ്ങൾ നീക്കം ചെയ്യേണ്ടി വന്നവർക്ക് അത് കാരണമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾക്കും പരിഹാരമുണ്ട്. അവർക്ക് ആവശ്യമെങ്കിൽ കൃത്രിമ സ്തനങ്ങൾ വെച്ചുപിടിപ്പിക്കാൻ ബ്രസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി പ്രയോജനപ്പെടുത്താം. സ്തനങ്ങൾ നീക്കം ചെയ്യാനുള്ള സർജറിക്കൊപ്പമോ, പിന്നീട് കാൻസർ ചികിത്സ പൂർത്തിയായ ശേഷമോ ഇത് ചെയ്യാവുന്നതാണ്.

കുടവയറും അമിതവണ്ണവും കുറയ്ക്കാം

അമിതവണ്ണം, പ്രായാധിക്യം, ഒന്നിലേറെ പ്രസവങ്ങൾ, ഉദരത്തിലെ ശസ്ത്രക്രിയകൾ എന്നിവ കുടവയറിന് കാരണമാകാറുണ്ട്. വയറിലെ ചർമം അയഞ്ഞ് താഴേക്ക് തൂങ്ങിക്കിടക്കുന്ന ഈ അവസ്ഥ ശസ്ത്രക്രിയയിലൂടെ മാറ്റുന്നതിനെ അബ്ഡോമിനോപ്ലാസ്റ്റി എന്ന് വിളിക്കുന്നു. വയറിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെയും അമിത ചർമത്തെയും നീക്കം ചെയ്ത് പേശികളെ കൂടുതൽ ബലപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. തൂങ്ങിക്കിടക്കുന്ന ഭാഗത്തെ പഴയപോലെയാക്കി ചെറുപ്പം തോന്നിപ്പിക്കുകയും ചെയ്യുന്നു. അടിവയറ്റിൽ പെട്ടെന്നാരും ശ്രദ്ധിക്കാത്ത തരത്തിലാണ് ഈ സർജറിക്ക് വേണ്ടി മുറിവുണ്ടാക്കുന്നത്.

താടിയിലും കഴുത്തിലും കൈകളിലും ഇടുപ്പിലും നിതംബത്തിലും തുടയിലുമെല്ലാമുള്ള അമിതമായ കൊഴുപ്പിനെ നീക്കാൻ ലിപ്പോസക്ഷൻ സഹായിക്കും. കൊഴുപ്പിനെ ഉരുക്കിയ ശേഷം പുറത്തേക്ക് വലിച്ചെടുക്കുന്ന രീതിയാണിത്. കൊഴുപ്പടിഞ്ഞ് ചർമം അയഞ്ഞുപോയിട്ടില്ലെങ്കിൽ ലിപ്പോസക്ഷൻ മാത്രം മതിയാകും.

കഷണ്ടിക്ക് പരിഹാരമില്ലെന്ന് ആരാ പറഞ്ഞേ!

ഒരു സാധാരണ മനുഷ്യന് ഒരു ദിവസം നൂറുമുതൽ നൂറ്റമ്പത് വരെ മുടിയിഴകൾ നഷ്ടമാകാറുണ്ട്. പക്ഷെ പാരമ്പര്യമായോ ഹോർമോണുകളുടെ പ്രവർത്തനം കാരണമോ വളരെ ചെറുപ്പത്തിലേ കഷണ്ടിയിലേക്ക് എത്തുന്നവരുമുണ്ട്. തീപ്പൊള്ളലേറ്റാലും അപകടങ്ങളുണ്ടായാലും മുടി നഷ്ടമായേക്കാം.. അവർക്കെല്ലാം കോസ്മെറ്റിക് സർജറിയിൽ വലിയൊരു ആശ്വാസമാണ്. കഷണ്ടി ബാധിച്ചിട്ടില്ലാത്ത ഇടങ്ങളിൽ നിന്നും മുടിയിഴകളെയെടുത്ത് മുടിയില്ലാത്ത ഭാഗത്ത് വെച്ചുപിടിപ്പിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഈ ചികിത്സ പൂർത്തിയാക്കാൻ ഒന്നിലേറെ തവണ ഡോക്ടറെ കാണേണ്ടതുണ്ട്.
വിവരങ്ങൾക്ക് കടപ്പാട് : ഡോ കൃഷ്ണകുമാർ കെ. എസ് – സീനിയർ കൺസൾട്ടന്റ്, മൈക്രോ വാസ്‌കുലാർ സർജറി- ആസ്റ്റർ മിംസ് കോഴിക്കോട്

Hot Topics

Related Articles