ഡൽഹി: വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലി നാളെ ഡൽഹിയിൽ നടക്കും. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പതിനായിര കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വിലക്കയറ്റത്തിന് എതിരെ തുടർച്ചയായി സമരം നടന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാതെ കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നും വേണുഗോപാൽ വിമർശിച്ചു.
അതിനിടെ, വിലക്കയറ്റം പിടിച്ചുനിർത്താൻ ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിൻറെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് ഇത് സംബന്ധിച്ച തിരുമാനമെടുത്തത്. ഗോതമ്പ് മാവിൻറെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ പാടില്ല എന്ന നേരത്തെയുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് തീരുമാനം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. റഷ്യ -ഉക്രൈൻ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു. പിന്നാലെ മെയിൽ രാജ്യത്ത് ഗോതമ്പ് കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. ഗോതമ്പ് മാവിൻറെ കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായതിന് പിന്നാലെയാണ് നടപടിയുണ്ടായത്.