മന്ത്രിമാർക്കും വകുപ്പ് മേധാവികൾക്കും മുതൽ കോർപ്പറേഷൻ ചെയർമാന്മാർക്ക് വരെ ചീറിപ്പായാൻ ലക്ഷങ്ങളുടെ വണ്ടികൾ; എസ്‌കോർട്ടോടും പൊലീസ് വണ്ടികൾക്ക് എണ്ണയടിക്കാൻ പോലും കാശില്ല; കിതച്ചോടുന്ന പൊലീസ് വണ്ടിയിലെ ജീവനുകൾക്ക് ആര് സംരക്ഷണമേകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും എന്ന പോലെ മന്ത്രിമാർക്കും കോർപ്പറേഷൻ ചെയർമാന്മാർക്കും സെക്രട്ടറിമാർക്കും ലക്ഷങ്ങളും കോടികളും വിലയുള്ള കാറുകൾ വാങ്ങിക്കൂട്ടുകയാണ്. സുരക്ഷയുടെ പേരിലാണ് ഈ വാഹനങ്ങൾ എല്ലാം വാങ്ങിക്കൂട്ടി ഓഫിസുകൾ നിറയ്ക്കുന്നത്. എന്നാൽ, ഈ മന്ത്രിമാർക്കെല്ലാം എസ്‌കോർട്ടോടി തളരുന്ന പൊലീസ് വാഹനങ്ങളുടെ ഗതിയെന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..!
മന്ത്രിമാർ ഇന്നോവയിൽ 120 കിലോമീറ്റർ വേഗത്തിൽ പായുമ്പോൾ, സ്‌റ്റേഷനിലെ ഓടിത്തളർന്നവയിൽ കൂട്ടത്തിൽ കൊള്ളാവുന്ന ബൊലേറോ ജീപ്പാണ് എസ്‌കോർട്ടിനായി കൂട്ടത്തിലൊടുന്നത്. ഇടിമിന്നൽ വേഗത്തിലോടുന്ന ഇന്നോവയെ ഒപ്പം പിടിക്കാൻ പാടുപെടുന്ന ബൊലേറോ ജീപ്പുകളുടെ കണ്ടീഷനെന്താണെന്നു കേട്ടാൽ ആരും ഞെട്ടും. പല വാഹനങ്ങളുടെയും അറ്റകുറ്റപണി പോലും കൃത്യമായി നടത്താറില്ല. കാരണമാണ് ഏറെ രസകരം..! ഈ ജീപ്പുകളുടെ അറ്റകുറ്റപണിയ്ക്ക് നൽകാൻ പണമില്ലത്രേ.

സംസ്ഥാനത്തെ പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപണികൾ ഏറ്റെടുത്തിരിക്കുന്ന പല വർക്ക്‌ഷോപ്പുകളും ഇപ്പോൾ പിന്നിലേയ്ക്കു വലിയുകയാണ്. നേരത്തെ തരാനുള്ള പണം പോട്ടെ, ഇപ്പോൾ കിട്ടാനുള്ളതെങ്കിലും കൃത്യമായി നൽകിയെങ്കിൽ മാത്രമേ വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തൂ എന്ന നിലപാടാണ് ഇപ്പോൾ വർക്ക്‌ഷോപ്പുകൾ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പല പൊലീസ് വാഹനങ്ങളും ഇപ്പോൾ കിതച്ചോടുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് മന്ത്രിമാർക്ക് അടക്കം എസ്‌കോർട്ട് പോകുന്നത് ഓരോ സ്ഥലത്തെയും പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വാഹനങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റേഷനിലുള്ളതിൽ ഏറ്റവും നല്ല വണ്ടിതന്നെ എസ്‌കോർട്ടിനായി വിടണമെന്നതാണ് അലിഖിതമായ നിയമം. എന്നാൽ, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പല വാഹനങ്ങളുടെയും നില അത്ര ശോഭനമല്ലെന്നാണ് പൊലീസുകാർ രഹസ്യമായി സമ്മതിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് വണ്ടികൾ അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. മന്ത്രിമാർക്കും മറ്റുള്ളവർക്കും സുരക്ഷ ഉറപ്പാക്കാൻ കോടികളുടെ വാഹനങ്ങൾ വാങ്ങാമെങ്കിൽ, കുറച്ച് ലക്ഷങ്ങൾ മുടക്കി എന്തുകൊണ്ട് പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപണി നടത്തിക്കൂടെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Hot Topics

Related Articles