ന്യൂഡൽഹി: കൊവാക്‌സിൻ എടുക്കുന്ന കുട്ടികൾക്ക് വേദനസംഹാരികളോ പാരസെറ്റമോളോ നൽകേണ്ട ആവശ്യമില്ലെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്ക്.
ഇന്ത്യയിൽ 15 വയസിന് മുകളിലുള്‌ലവർക്ക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ നൽകുന്നതിനുള്ള അടിയന്തിര അനുമതി കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിനെതുടർന്ന് 18 വയസിന് താഴെയുള്ളവർക്കും കൊവിഡ് വാക്‌സിൻ നൽകാൻ ആരംഭിച്ചിരുന്നു.
എന്നാൽ രാജ്യത്തെ ചില വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൊവാക്‌സിനോടൊപ്പം 500 ഗ്രാമിന്റെ മൂന്ന് ഡോസ് പാരസെറ്റമോൾ ടാബ്ലറ്റുകളും നൽകുന്നുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ വിശദീകരണം എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തങ്ങൾ നടത്തിയ പഠനങ്ങളിൽ കൊവാക്‌സിൻ സ്വീകരിച്ച ബഹുഭൂരിപക്ഷം പേരിലും കാര്യമായ പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അതിനാൽ തന്നെ അനാവശ്യമായി വേദനസംഹാരികളോ പാരസെറ്റമോളോ കഴിക്കേണ്ട കാര്യമില്ലെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. പാർശ്വഫലങ്ങൾ എന്തെങ്കിലും കണ്ടെത്തിയാൽ തന്നെ ആരോഗ്യവിദഗ്ദ്ധന്റെ നിർദേശമനുസരിച്ച് മാത്രം മരുന്ന് കഴിച്ചാൽ മതിയെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.
അതേസമയം മറ്റ് ചില കൊവിഡ് വാക്‌സിനുകൾക്കൊപ്പം പാരസെറ്റമോൾ പോലുള്ള ഗുളികകൾ കഴിക്കേണ്ടി വരുമെന്നും എന്നാൽ കൊവാക്‌സിൻ സ്വീകരിച്ചവർ ഇത്തരം മരുന്നുകൾ കഴിക്കേണ്ടതില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി.