ന്യൂഡല്‍ഹി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കുന്ന തീരുമാനം ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന ശാസ്ത്ര ഉപദേശക സമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് ക്രന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കോവിഡ് മുന്നണി പോരാളികള്‍ക്ക് ബൂസ്റ്റര്‍ വാക്സിന് നല്‍കണമെന്ന ആവശ്യം ശക്തമാവുകയാണ്. കുട്ടികളുടെ വാക്സിനെഷന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും. നിലവില്‍ രണ്ട് ഡോസ് വാക്സിനും എടുത്ത ആളുകളില്‍ പ്രതിരോധശേഷി കുറയുന്നതായി റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് വ്യാപിക്കാതിരിക്കാന്‍ ജനക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമം വേണം. പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ കൃത്യമായ മുന്നൊരുക്കം ആവശ്യമാണെന്നും ഐഎംഎ മുന്നറിയിപ്പ് നല്കുന്നു. കോവിഡ് പ്രതിരോധത്തില്‍ മാനവശേഷിയുടെ കാര്യമായ കുറവുണ്ട്. അത് പരിഹരിക്കാന്‍ കൗണ്‍സിലിങ് വേഗത്തിലാക്കണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.