ന്യൂഡല്‍ഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് ഇന്നു തുടക്കമാവും. 2007ലോ മുൻപോ ജനിച്ചവര്‍ക്കാണ് വാക്സിന് നല്‍കുക. ഞായറാഴ്ച വൈകീട്ട് വരെ ആറുലക്ഷത്തിലേറെ കൗമാരക്കാര്‍ കുത്തിവെപ്പിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം.
വാക്സിനേഷന് നടപടികള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മണ്ഡവ്യ ഞായറാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് നല്‍കേണ്ടതെന്നും വാക്സിന് മാറിപ്പോകില്ലെന്നു ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്കി. കുട്ടികള്‍ക്കായി പ്രത്യേകം വാക്സിന്കേന്ദ്രങ്ങള് സജ്ജീകരിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികളുടെ പുരോഗതിയും യോഗം അവലോകനംചെയ്തു. കൊവിഡിനുനേരെ നടത്തിയ ശക്തമായ പോരാട്ടം ഒമിക്രോണിനു നേരെയും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്ര ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ നന്നായി വിനിയോഗിക്കണം. ആവശ്യത്തിന് വാക്സിനുണ്ടെന്ന് കോവിന്‍ ഉപയോഗിക്കുന്ന ഗുണഭോക്താക്കളുടെ ജില്ലതിരിച്ചുള്ള കണക്കെടുപ്പിലൂടെ ഉറപ്പുവരുത്തണം.
അതേസമയം, കൗമാരക്കാരുടെ വാക്സിനേഷന് സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങളാണുള്ളത്. കൗമാരക്കാരുടെ വാക്സിനേഷന് കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്സിനേഷന് കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന് സ്ഥലം, വാക്സിനേഷന് സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. കേന്ദ്രങ്ങള്‍ മാറിപ്പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്സിന് സ്വീകരിക്കുന്നതിന് മുൻപ് അറിയിക്കണം.
ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിന് എടുത്തെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കൗമാരക്കാര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം വാക്സിനെടുക്കാന്‍ വാക്സിനേഷന് കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.