വാഷിംങ്ടൺ: കൊവിഡിനെ നേരിടാൻ ബൂസ്റ്റർ ഡോസുകൾ വേണ്ടി വരുമെന്ന സൂചന നൽകി ശാസ്ത്ര ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനം. കൊവിഷീൽഡ് രണ്ടാമത്തെ ഡോസ് എടുത്തവരിൽ മൂന്ന് മാസത്തിന് ശേഷം വാക്‌സിന്റെ സംരക്ഷണം കുറയുന്നതായിട്ടാണ് പഠനത്തിൽ കണ്ടെത്തിയത്. സ്‌കോട്ട്‌ലൻഡിലെയും ബ്രസീലിലെയും പഠനഫലങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇതോടെ കൊവിഷീൽഡ് ഡോസുകൾ സ്വീകരിച്ച ആളുകൾക്ക് ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ നൽകണമെന്ന് ആവശ്യവും ഉയരുകയാണ്. രണ്ട് ഡോസ് കൊവിഷീൽഡ് സ്വീകരിച്ച 18 വയസിന് മുകളിലുള്ള മുതിർന്നവരിലാണ് ബ്രസീലിലും സ്‌കോട്ട്‌ലൻഡിലും പഠനം നടത്തിയത്. സ്‌കോട്ട്‌ലൻഡിലെ പഠനപ്രകാരം വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ 18-19 ആഴ്ചകൾ കഴിയുമ്പോൾ 42.2% ആയി സംരക്ഷണ ശേഷി കുറഞ്ഞതായി കണ്ടെത്തി. ബ്രസീലിലെ പഠനത്തിലും സമാനമായിരുന്നു ഫലം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയിൽ കൊവിഷീൽഡ് നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബൂസ്റ്റർ ഡോസുകൾ നൽകാൻ തങ്ങൾ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. ബൂസ്റ്റർ ഡോസായി ഇന്ത്യയിൽ കൊവിഷീൽഡിനെ അംഗീകരിക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ല. ബൂസ്റ്റർ ഡോസ് അംഗീകാരത്തിനുള്ള ന്യായീകരണത്തോടൊപ്പം പ്രാദേശിക ക്ലിനിക്കൽ ട്രയൽ ഡാറ്റ സമർപ്പിക്കുവാനാണ് സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗദ്ധ പാനൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനകം ലോകമെമ്പാടുമുള്ള 60ലധികം രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ നൽകിയിട്ടുണ്ട്.