കൊച്ചി: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി? ഏലൂരിൽ നടക്കും. രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് ദീപശിഖ തെളിയിക്കലും 10ന് പതാക ഉയർത്തലും നടക്കും. 10.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ബിനോയ് വിശ്വം എം.പി, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കും. 311 പ്രതിനിധികൾ പങ്കെടുക്കും.
നാളെയും പ്രതിനിധി സമ്മേളനം തുടരും. മന്ത്രി ജെ. ചിഞ്ചുറാണി, മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ, സംസ്ഥാന നേതാക്കളായ സി.എൻ. ജയദേവൻ, എ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പുതിയ ജില്ലാകമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. ശേഷം പുതിയ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതോടെ തിരശീല വീഴും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്തരിച്ച മുൻ ജില്ലാ സെക്രട്ടറി ഇ .എ കുമാരന്റെ മൂവാറ്റുപുഴയിലെ വസതിയിൽ നിന്നും ബാബു പോൾ ഉദ്ഘാടനം ചെയ്ത കെ. എൻ ഗോപിയുടെ നേതൃത്വത്തിലുള്ള പതാക ജാഥയും കോതമംഗലത്ത് സി. എസ് നാരായണൻ നായരുടെ വസതിയിൽ നിന്നും കമല സദാനന്ദൻ ഉദ്ഘാടനം ചെയ്ത ഇ. കെ ശിവന്റെ നേതൃത്വത്തിൽ ആരംഭിച്ച ബാനർ ജാഥയും പാലിയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കെ. എൻ സുഗതൻ ഉദ്ഘാടനം ചെയ്ത കെ. ബി അറുമുഖൻ ക്യാപ്റ്റനായ കൊടിമര ജാഥയും സ്മൃതി ജാഥകളും മുപ്പത്തടത്ത് സംഗമിച്ച് സമ്മേളന നഗറിൽ സംഗമിച്ചു. പതാക കെ. കെ അഷ്‌റഫും ബാനർ കെ. കെ സുബ്രഹ്മണ്യനും കൊടിമരം പി.നവകുമാറും ഏറ്റുവാങ്ങി. സ്മൃതി ജാഥകളായി കൊണ്ടുവന്ന നേതാക്കളുടെ ഛായാചിത്രങ്ങൾ പ്രത്യേകം സജ്ജമാക്കിയ ഗാലറിയിൽ സ്ഥാപിച്ചു. തുർന്ന് സംഘാടക സമിതി ചെയർമാൻ എം.ടി നിക്സൺ പതാക ഉയർത്തി. സാംസ്‌കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി. രാജു അദ്ധ്യക്ഷത വഹിച്ചു. ഡോ സുനിൽ പി.ഇളയിടം, ഇ.എ.രാജേന്ദ്രൻ, കെ.ബാബു പോൾ, പി കെ സുരേഷ് എന്നിവർ സംസാരിച്ചു.