“മനുഷ്യരില്‍ മഹാഭൂരിപക്ഷം പേരെ  ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റ്?” ഉദയനിധി സ്റ്റാലിന്റെ വാദത്തെ പിന്തുണച്ച് സി.പി.എം നേതാവ് പി.ജയരാജന്‍

കണ്ണൂര്‍: വിവാദമായ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. യഥാര്‍ത്ഥ ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ മഹാഭൂരിപക്ഷം പേരെ  ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റ്?’, പി ജയരാജന്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

Advertisements

പോസ്റ്റിന്റെ പൂര്‍ണരൂപം:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും, അനീതിയും വളര്‍ത്തുന്ന സനാതന ധര്‍മം സാമൂഹ്യ നീതിയെന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇതിനെ കൊതുകിനെയും ഡെങ്കി പനിയെയും കൊവിഡിനെയും പോലെ ഉന്മൂലനം ചെയ്യണമെന്നും തമിഴ് നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെ സമ്മേളനത്തില്‍ ഉദയനിധി സ്റ്റാലിന്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് ഹാലിളക്കം തുടങ്ങിയിരിക്കുന്നു.

ഉദയനിധി പറഞ്ഞത് ഹൈന്ദവ ധര്‍മ്മത്തിന് നിരക്കുന്ന കാര്യമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഏറ്റവുമൊടുവില്‍ ഉദയനിധിയുടെ തലയെടുക്കുമെന്ന അയോധ്യയിലെ സനാതന ധര്‍മ്മ സന്ന്യാസി ഭീഷണി മുഴക്കിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിക്ക് വിലങ്ങ് തടിയായാണ് പ്രവര്‍ത്തിച്ചത്.

ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണധിപത്യ സംസ്‌കാരത്തെയാണ് ആര്‍എസ്എസും പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ ബിജെപി നേതാക്കളുടെ പ്രതിഷേധത്തില്‍ യാതൊരു അതിശയവുമില്ല.

1923 ലെ കാക്കിനാഡ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ വച്ച് അയിത്തോച്ചാടന പ്രമേയം അംഗീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഉടനീളം വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുവാനും, സര്‍വോപരി മനുഷ്യര്‍ എന്നനിലയിലുള്ള തുല്യ പരിഗണനയ്ക്ക് വേണ്ടിയും നിരവധി സമരങ്ങള്‍ നടന്ന നാടാണ് ഇത്.

മിശ്രഭോജനം, ഹരിജന്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം വേണ്ടി സനാതനികളുടെ എതിര്‍പ്പിനെ മറികടന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി.

ഇവിടെയാണ് സനാതനികളെ തോല്‍പ്പിച്ച് കൊണ്ട് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സാമൂഹ്യ സമത്വത്തിലേക്ക് മുന്നേറിയത്. സനാതനികള്‍ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടേത് കൂടിയാണ്. പലരെയും സനാതനികള്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മ ഗാന്ധിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ സനാതനികള്‍ നടത്തിയ ശ്രമത്തില്‍ നിന്നും അത്ഭുതകരമായാണ് അദേഹം രക്ഷപെട്ടത്. മഹാരാഷ്ട്രയിലെ പൂനയില്‍, മുനിസിപ്പാലിറ്റിയുടെ മംഗളപത്രം സ്വീകരിക്കാനെത്തിയ ഗാന്ധിജിയെ അയിത്തോച്ചാടന പ്രക്ഷോഭത്തില്‍ പ്രകോപിതരായ സനാതനധര്‍മ വാദികളാണ് ബോംബെറിഞ്ഞത്. ഈ സംഭവത്തെ കുറിച്ച് ‘മാതൃഭൂമി’ പത്രം വാര്‍ത്ത നല്‍കിയത് ഇങ്ങനെയാണ്. ‘മഹാത്മജിയുടെ കാറില്‍ ബോംബ് എറിഞ്ഞു’ (1934 ജൂണ്‍ 27 മാതൃഭൂമി, പേജ് 5)

അക്രമത്തെ കുറിച്ച് ഗാന്ധിജി നടത്തിയ പ്രസ്താവന ഇങ്ങനെ ‘ഇന്ന് വൈകുന്നേരം നടത്തിയ മാതിരി ബുദ്ധി ശൂന്യമായ കൃത്യങ്ങളെ ബുദ്ധിയുള്ള ഒരൊറ്റ സനാതനിയെങ്കിലും പ്രോത്സാഹിപ്പിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എങ്കിലും സനാതനി സുഹൃത്തുക്കള്‍ തങ്ങളുടെ പ്രസംഗങ്ങളിലും, ലേഖനങ്ങളിലും ഉപയോഗിക്കുന്ന ഭാഷ കുറേ ശാന്തമാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ട് കൊള്ളുന്നു.’

സനാതന ധര്‍മ്മവാദികള്‍ അഹിംസയുടെ വക്താക്കളാണെന്ന വാദം ഉന്നയിക്കുമ്പോള്‍ ഗാന്ധി വധശ്രമം മാത്രമല്ല കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നടത്തിയ ഗുരുവായൂര്‍ ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ അവസരത്തില്‍ സമര സേനാനി സ: പി കൃഷ്ണപ്പിള്ളയെ ആക്രമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
എന്നാല്‍ സനാതനധര്‍മ്മം ഉള്‍ക്കൊള്ളേണ്ട മൂല്യത്തെക്കുറിച്ച് വാഗ്ഭടാനന്ദ ഗുരുദേവന്‍ കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്.

‘കാലം, ദേശം, വര്‍ഗ്ഗീയ വ്യത്യാസം എന്നിവയാല്‍ തടയപ്പെടാതെ എന്നും എവിടെയും ആര്‍ക്കും അനുഷ്ഠയങ്ങളാണ് സനാതനധര്‍മ്മങ്ങള്‍.അവ ഏതാനും ചില വഗ്ഗക്കാരുടെയോ രാജ്യക്കാരുടെയോ പൈതൃക സ്വത്തുക്കളല്ല, മനുഷ്യസമുദായത്തിന്ന് പൊതുവില്‍ അവകാശപ്പെട്ടവയാകുന്നു. അവയില്‍ ഉള്‍പ്പെടുന്ന സത്യം, സമത്വം, സഹോദരത്വം മുതലായ ധര്‍മ്മങ്ങളെ പ്രായോഗികങ്ങളാക്കിത്തിക്കുമ്പോഴത്രെ, ശാന്തിസന്തോഷ സ്വാതന്ത്ര്യാദികള്‍ ഇവിടെ യഥായഥം വിളയാടുക. സനാതന ധര്‍മ്മങ്ങളുടെ നാമത്തിലെങ്കിലും ബഹുമാനമുള്ളവരുണ്ടെങ്കില്‍ അവര്‍ ജാതിമതഭേദങ്ങളെ മറന്നു സകലരേയും സഹോദരബുദ്ധ്യാ വീക്ഷിക്കുകയും അടുപ്പിക്കുകയും ആദരിക്കുകയും ചെയ്യും . ആട്ടുവാനും അകറ്റുവാനും ശ്രമിക്കുന്നവര്‍ സനാതനധമ്മങ്ങളുടെ ഭയങ്കര വൈരികളാ കുന്നു.’ (വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍, പേജ് -828).

ഇന്ത്യയിലെ (ഭാരതം) മതന്യൂനപക്ഷങ്ങളെയും ദളിതരെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും തുല്യതയുള്ള പൗരന്മാരെ പോലെ കണക്കാക്കാതെ അക്രമത്തിന്റെ ശൈലിയെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധി സ്റ്റാലിനെയും ഭീഷണിപ്പെടുത്തുന്നത്.

രാജ്യത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും ചരിത്രം പോലും വിസ്മരിച്ചുകൊണ്ട് ചില കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ പ്രസ്താവനകളാണ് അതിശയകരം. യഥാര്‍ത്ഥ ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ മഹാഭൂരിപക്ഷം പേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.