തിരുവനന്തപുരം: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല. ദേശീയ കൗൺസിൽ ചേരുന്നതിനാൽ മുതിർന്ന നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. ഇ കെ വിജയൻ എംഎൽഎ ആയിരിക്കും സിപിഐയെ പ്രതിനിധീകരിച്ച് സെമിനാറിൽ പങ്കെടുക്കുക.
അതേസമയം, സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ സിപിഐയ്ക്ക് എതിർപ്പുണ്ടായെന്ന വിവാദങ്ങളിൽ മറുപടിയുമായി എം വി ഗോവിന്ദൻ രംഗത്തെത്തി. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മുന്നണിയിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദൻ പ്രതികരിച്ചു. ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തും. ലീഗ് വരാത്തതിനാൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേ പറ്റൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, മുന്നണിയിൽ ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാൻ വേണ്ടിയാണ് ഇ കെ വിജയൻ എംഎൽഎ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഈ മാസം 14 മുതൽ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗം ദില്ലിയിൽ ചേരുന്നത്.