ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ശുപാർശ. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ഇത് സംബന്ധിച്ച് ശുപാർശ നൽകിയത്. അടിയന്തിരമായി നിഖിൽ തോമസിനെ പുറത്താക്കണം എന്നാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
സിപിഎം കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ നിഖിലിന്റെ നടപടി പാർട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നും നിഖിൽ തോമസുമായി അടുത്ത ബന്ധമുള്ളവരെ പൊലിസ് ചോദ്യം ചെയ്തു. കായംകുളം ഏരിയാ കമ്മിറ്റി അംഗം എഎം നസീർ, കരീലക്കുളങ്ങര സ്വകാര്യ ലോ കോളേജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അനുരാഗ് എന്നിവരിൽ നിന്നാണ് പൊലിസ് മൊഴി എടുത്തത്. ഇന്നലെ ഡിവൈഎഫ്ഐ തഴവ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബികെ നിയാസ് അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കാൻ നിഖിലിനെ സഹായിച്ചത് എസ് എഫ് ഐ യുടെ മുൻ കായംകുളം ഏരിയാ സെക്രട്ടറിയാണെന്ന മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണമെന്നാണ് മൊഴി.
മൂന്ന് വർഷം മുൻപാണ് നിഖിലിന് പാർട്ടിയിൽ സ്ഥിര അംഗത്വം നൽകിയത്. സാധാരണ ഗതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് മുൻപ് പ്രവർത്തകന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം കേൾക്കുന്നതാണ് പതിവ്.
എന്നാൽ നിഖിലിന്റെ കാര്യത്തിൽ സാധാരണ നടപടി ക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് പാർട്ടിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ശുപാർശ കത്ത് നൽകിയിരിക്കുന്നത്.