തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മലയാള മനോരമയ്ക്കെക്കെതിരെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് വക്കീൽ നോട്ടീസയച്ചു. മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്‌ടർ മാത്യു വർഗീസ്, എഡിറ്റർ ഫിലിപ്പ് മാത്യു എന്നിവരെ എതിർകക്ഷികളാക്കിയാണ് നോട്ടീസ്. ഏപ്രിൽ ആറുമുതൽ മെയ് നാലുവരെ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെയാണ് നിയമനടപടി.
പാർടിയുടെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയെ സംശയത്തിലാക്കുന്നതായിരുന്നു വാർത്തകൾ. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ആദായനികുതി വകുപ്പും ഇഡിയും വലിയ ക്രമക്കേടുകൾ കണ്ടെത്തിയെന്നും അക്കൗണ്ട് കണ്ടുകെട്ടിയെന്നുമുള്ള രീതിയിലാണ് വാർത്തകൾ നൽകിയത്. പാൻ നമ്പറിൽ വരുത്തിയ പിശകിനെക്കുറിച്ച് ബാങ്ക് അധികൃതർ തന്നെ വ്യക്തത വരുത്തിയിരുന്നു. എന്നിട്ടും സിപിഎമ്മിനെ അപകീർത്തിപ്പെടുത്താനായിരുന്നു വാർത്ത വളച്ചൊടിച്ചത്. അപകീർത്തികരമായ വാർത്ത പിൻവലിക്കാൻ തയ്യാറാകണം. സിപിഎമ്മിന്റെ അക്കൗണ്ട് ഇഡിയോ ആദായനികുതി വകുപ്പോ കണ്ടുകെട്ടിയിട്ടില്ലെന്നത് വാർത്തയായി നൽകണം. വ്യാജ വാർത്തകൾക്ക് നൽകിയ അതേ പ്രാധാന്യത്തിൽ ഖേദപ്രകടനം പ്രസിദ്ധീകരിക്കണമെന്നും അഡ്വ. എം രാജഗോപാലൻ നായർ മുഖേന നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു.