പത്തനംതിട്ട: അടൂരില്‍ സിപിഎം- സിപിഐ സംഘര്‍ഷം. എ.ഐ.ടി.യു.സി, സി.ഐ.ടി.യു ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ചുമട്ട് തൊഴിലാളികളായ ഏതാനും ആളുകള്‍ സി.ഐ.ടി.യു വിട്ട് എ.ഐ.ടി.യു.സി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
ഇന്നലെ രണ്ട് തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ എത്തിയപ്പോള്‍ സി.ഐ.ടി.യു നേതൃത്വം സമ്മതിച്ചില്ലെന്നാണ് എ.ഐ.ടി.യു.സി നേതൃത്വം ആരോപിക്കുന്നത്. ഇന്നലത്തെ തര്‍ക്കം പരിഹരിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഈ തൊഴിലാളികള്‍ എത്തിയതോടെ എതിര് വിഭാഗം സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തൊഴിലാളി സംഘടനകള്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് സിപിഎം- സിപിഐ പ്രാദേശിക നേതൃത്വം ഏറ്റെടുത്തു. പൊലീസ് എത്തി രംഗം ശാന്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇതിന് ശേഷം, കഴിഞ്ഞ ദിവസം സി.ഐ.ടി.യു യൂണിയനില്‍പ്പെട്ട ഒരു തൊഴിലാളി നോക്ക് കൂലി വാങ്ങിയെന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. പുറത്താക്കിയ തൊഴിലാളിയാണ് എ.ഐ.ടി.യു.സിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. ഇയാളെ ഇവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന തര്‍ക്കമാണ് സിപിഐ- സിപിഎം സംഘര്‍ഷത്തിലേക്ക് നയിച്ചത്. അടൂരിലെ സിപിഎം- സിപിഐ പരസ്യപ്പോര് പുതിയ നേതൃമാറ്റങ്ങള്‍ക്കും വഴിവച്ചേക്കുമെന്നാണ് വിലയിരുത്തല്‍.