സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കമായി; എ.വി റസൽ തന്നെ ജില്ലാ സെക്രട്ടറിയായി തുടർന്നേക്കും; വിവാദ വിഷയങ്ങളിൽ അതിരൂക്ഷ വിമർശനത്തിന് സാധ്യത; പാലായിലെ തിരഞ്ഞെടുപ്പ് തോൽവി അടക്കം സമ്മേളനത്തിൽ ചർച്ചയാകും

കോട്ടയത്തു നിന്നും
പൊളിറ്റിക്കൽ റിപ്പോർട്ടർ
ജാഗ്രതാ ന്യൂസ് ലൈവ്

Advertisements

കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിൽ അൽപ സമയത്തിനുള്ളിൽ കെ.സി മാമ്മൻമാപ്പിള ഹാളിൽ തുടക്കമായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ റിപ്പോർട്ട് അവതരിപ്പിക്കും.
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. വി.ആർ ഭാസ്‌കരൻ നഗറിൽ (കോട്ടയം മാമൻ മാപ്പിള ഹാൾ ) രാവിലെ 10 ന് ആരംഭിച്ച സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പതാക ഉയർത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ വി എൻ വാസവൻ ദീപശിഖ തെളിയിച്ചു. നീണ്ടൂർ രക്ത സാക്ഷികളുടെ ബലി കുടീരത്തിൽ നിന്ന് എത്തിച്ച ദീപ ശിഖ ജില്ലാ സെക്രട്ടറി എ വി റസൽ ഏറ്റുവാങ്ങി.
സെക്രട്ടറിയറ്റ് അംഗം പ്രഫ. എം ടി ജോസഫിന്റെ താൽക്കാലിക അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം തുടങ്ങി. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഹരികുമാർ രക്തസാക്ഷി പ്രമേയവും ലാലിച്ചൻ ജോർജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.വിവിധ ഏരിയാകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 39 ജില്ലാ കമ്മറ്റി അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സമ്മേളനത്തിൽ കേന്ദ്ര കമ്മറ്റി അംഗങ്ങളായ വൈക്കം വിശ്വൻ,എ വിജയരാഘവൻ, ഡോ.തോമസ് ഐസക് , എം.സി ജോസഫൈൻ, പി കെ ശ്രീമതി, സംസ്ഥാന സെകട്ടറിയേറ്റ് അംഗങ്ങളായ എം.എം മണി , കെ.ജെ തോമസ്, പി രാജീവ്, സംസ്ഥാന കമ്മറ്റി അംഗം വി.എൻ വാസവൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം റിപ്പോർട്ടുകളും ഗ്രൂപ്പ് ചർച്ചകളും നടക്കും. സമ്മേളനം നാളെയും തുടരും . പൊതു ചർച്ചകളും തിരഞ്ഞെടുപ്പുകളും നാളെയാകും നടക്കുക.

ചർച്ചകൾക്ക് തുടക്കമാകുക
വ്യാഴാഴ്ച ഉച്ചയോടെ

സി.പി.എം ജില്ലാ സ്‌മ്മേളനത്തെ കാത്തിരിക്കുന്നത് ഒരു പിടി വിവാദ വിഷയങ്ങളാണ്. പാലായിലെ തിരഞ്ഞെടുപ്പ് തോൽവി മുതൽ കേരളത്തിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ വരെ ചർച്ചയിൽ വിഷയമാകും. മന്ത്രിമാരുടെയും, സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനവും ചർച്ചയിൽ ഇഴകീറി മുറിച്ച് പ്രതിനിധികൾ അവലോകനം ചെയ്യും. വിവാദങ്ങൾ ഏറെ ചർച്ച ചെയ്യാനുള്ള സമ്മേളനത്തിൽ ആദ്യം തന്നെ കീറിമുറിച്ച് വിലയിരുത്തപ്പെടുക ഘടകക്ഷി നേതാവായ ജോസ് കെ.മാണിയുടെ പാലാ നിയോജക മണ്ഡലത്തിലെ കനത്ത തോൽവി തന്നെയാകും. തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ജില്ലയിലെ പല നിയോജക മണ്ഡലങ്ങളിലും പാർട്ടിയ്ക്കുള്ളിൽ നടപടിയുണ്ടായപ്പോൾ പാലായിൽ മാത്രം വേറിട്ട നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ഇത് അടക്കം ചർച്ചയാകുമെന്നാണ് ലഭിക്കുന്ന സൂചന.

ഇത് കൂടാതെ സംസ്ഥാനത്തെ പൊലീസ് ഭരണത്തിൽ സർക്കാരിനുണ്ടായ വീഴ്ചയും പ്രതിനിധികൾ ഉയർത്താൻ സാധ്യതയുണ്ട്. അഭിമന്യു മുതൽ കഴിഞ്ഞ കാലയളവിനിടെ പാർട്ടിയുടെ രക്തസാക്ഷികളായ പ്രവർത്തകരുടെ പേരെടുത്തുള്ള ചർച്ചയും പാർട്ടിയുടെ പ്രതികരണ ശേഷി കുറഞ്ഞതും എല്ലാം സമ്മേളനത്തിൽ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്. കോട്ടയത്തു നിന്നുള്ള ഏക മന്ത്രി വി.എൻ വാസവന്റെ പ്രവർത്തനവും, പാർട്ടി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനവും ചർച്ചകളിൽ വിലയിരുത്തും.

റസൽ തുടരുമോ..?
തലമാറുമോ.. ?

സി.പി.എം ജില്ലാ സമ്മേളനത്തിലെ ഏറ്റവും ആകാംഷ നിറഞ്ഞ ചർച്ചകളിൽ ഒന്ന് സെക്രട്ടറി ആരാകും എന്നത് തന്നെയാണ്. ഇടവേളകളോടെ രണ്ടു തവണ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ജില്ലാ സെക്രട്ടറി എ.വി റസൽ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മന്ത്രി വി.എൻ വാസവനു വേണ്ടിയാണ് രണ്ടു തവണ റസൽ ആക്ടിംങ് സെക്രട്ടറിയായതും, ഏറ്റവും ഒടുവിൽ ഇപ്പോൾ സ്ഥിരമായി സെക്രട്ടറി പദവിയിൽ എത്തിയതും.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ വി.എൻ വാസവൻ മത്സരിക്കാനായി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് എ.വി റസൽ ആക്ടിംങ് സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്. ഇതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ വാസവൻ മത്സരിച്ചു വിജയിച്ച് മന്ത്രിയായതോടെ എ.വി റസലിനെ തന്നെ വീണ്ടും സെക്രട്ടറി സ്ഥാനത്തേയ്ക്കു നിയോഗിച്ചു. റസൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ ജില്ലാ സമ്മേളനമാണ് നടക്കുന്നത്.

സി.പി.എമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിയും മന്ത്രിയുമായ വാസവന്റെ വിശ്വസ്തനാണ് എന്നതാണ് റസലിനെ തന്നെ വീണ്ടും സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നതിനുള്ള പ്രധാന കാരണമായി കാണുന്നത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പിൻതുടർന്ന് യുവാക്കളെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിച്ചാൽ, മുൻ ജില്ലാ പഞ്ചായത്തംഗം കെ.രാജേഷിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഇത്് കൂടാതെ ടി.എൻ ഹരികുമാറിന്റെ പേരും, ടി.ആർ രഘുനാഥന്റെ പേരും സെക്രട്ടറി സ്ഥാനത്തേയ്ക്കു സി.പി.എം പരിഗണിക്കുന്നുണ്ട്.

Hot Topics

Related Articles