ബ്രിസ്ബെയ്ൻ : ഓസ്ട്രേലിയ-ഇന്ത്യ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റ് നഷ്ടം. മഴ ഇടക്കിടെ തടസ്സപ്പെടുത്തിയ നാലാംദിനത്തിൽ വെളിച്ചക്കുറവ് മൂലം നേരത്തേ അവസാനിപ്പിക്കുകയും ചെയ്തു. 74.5 ഓവറിൽ ഒൻപത് പേർ നഷ്ടമായ ഇന്ത്യക്ക് 252 റൺസാണ് നേടാനായത്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് 193 റൺസ് പിറകിലാണ് ഇപ്പോഴും.ഓപ്പണർ കെ.എൽ. രാഹുലിന്റെ തുടക്കത്തിലും (84) ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ മധ്യത്തിലുമുള്ള (77) ചെറുത്തുനിൽപ്പാണ് ഇന്ത്യയെ ഇരുന്നൂറ് കടത്തിയത്. പതിനൊന്നാമനായിറങ്ങിയ ആകാശ് ദീപ് (27), ജസ്പ്രീത് ബുംറ (10) എന്നിവരാണ് ക്രീസിൽ. ബാറ്റർമാർ നന്നേ വിയർത്ത ഗ്രൗണ്ടിൽ 31 പന്തുകളിൽ ഒരു സിക്സും രണ്ട് ബൗണ്ടറിയും ഉൾപ്പെടുന്നുണ്ട് ആകാശിന്റെ ധീര ഇന്നിങ്സിൽ.കെ.എൽ. രാഹുലിനെ ചൊവ്വാഴ്ച നഷ്ടമായി.
നഥാൻ ലിയോണിനാണ് വിക്കറ്റ്. നാലുവിക്കറ്റിന് 51 റൺസെന്ന നിലയിൽ മൂന്നാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക്, നാലാംദിനം ആദ്യം നഷ്ടമായത് ക്യാപ്റ്റൻ രോഹിത് ശർമയെ. പത്ത് റൺസെടുത്ത ക്യാപ്റ്റനെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് മടക്കിയത്. പിന്നാലെ രാഹുലും ജഡേജയും ചെറിയ തോതിലെങ്കിലും ചെറുത്തുനിന്നു. ഇരുവരും ചേർന്ന് ആറാംവിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ട് ഉയർത്തി.നിതീഷ്കുമാർ റെഡ്ഢി (16), മുഹമ്മദ് സിറാജ് (1) എന്നിങ്ങനെയാണ് ഇന്ന് വീണ മറ്റു വിക്കറ്റുകൾ. തുടക്കക്കാർ നന്നേ നിരാശപ്പെടുത്തിയ മത്സരത്തിൽ മധ്യ-വാലറ്റ നിരയാണ് ഇന്ത്യയുടെ മാനംകാത്തത്. ഓസ്ട്രേലിയക്കായി പാറ്റ് കമിൻസ് നാലു വിക്കറ്റുകൾ നേടിയപ്പോൾ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകളും നേടി. ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവർക്ക് ഓരോ വിക്കറ്റ്.ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 445-ന് പുറത്തായിരുന്നു. ട്രാവിസ് ഹെഡിന്റെയും (152) സ്റ്റീവൻ സ്മിത്തിന്റെയും (101) ഇന്നിങ്സുകളാണ് ഓസീസിന് തുണയായത്. അലക്സ് കാരെ 70 റൺസുമെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറും മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപ്, നിതിഷ് റെഡ്ഢി എന്നിവർ ഓ രോന്നും വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാംദിനം 44 റൺസിനിടെത്തന്നെ നാലുവിക്കറ്റുകൾ നഷ്ടമായി. യശസ്വി ജയ്സ്വാൾ (4), ശുഭ്മാൻ ഗിൽ (1), വിരാട് കോലി (3), ഋഷഭ് പന്ത് (9) എന്നിവർ നിരാശപ്പെടുത്തി.