സ്പോർട്സ് ഡസ്ക് : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട്.ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ തന്റെ 15 വർഷത്തിലേറെ നീണ്ട കരിയറില്‍ കടപുഴക്കിയ റെക്കോർഡുകള്‍ നിരവധിയാണ്. എന്നാല്‍ വീരേന്ദർ സെവാഗിനെ മറികടന്ന് ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ തന്റെ പേരിലാക്കിയ രോഹിത്തിന്റെ ഈഡനിലെ ഇന്നിംഗ്സ് ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ടെന്ന് മറക്കാനിടയില്ല.2014-ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും 264 എന്ന മാന്ത്രിക സംഖ്യ പിറന്നത്.
10 വർഷം മുമ്ബ് കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിലായിരുന്നു മത്സരം. ടോസ് നേടിയ അന്നത്തെ ഇന്ത്യൻ നായകൻ വിരാട് കോലി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അൻജിങ്ക്യ രഹാനെയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത രോഹിത് ആദ്യ 72 പന്തില്‍ 50 റണ്‍സ് മാത്രം നേടി കരുതലോടെയാണ് തുടങ്ങിയത്.അർദ്ധസെഞ്ച്വറി കുറിച്ച രോഹിത്ത് പിന്നീടങ്ങോട്ട് തന്റെ ആക്രമണാത്മക ബാറ്റിംഗിന് തുടക്കമിട്ടു. ശ്രീലങ്കൻ ബൗളർമാരെ കാഴ്ചക്കാരാക്കി ബൗണ്ടറികളും സിക്സറുകളും പറന്നു. 99 പന്തില്‍ സെഞ്ച്വറി. മൂന്നാം വിക്കറ്റില്‍ രോഹിത്-കോലി സഖ്യം സ്കോർ ബോർഡിലെത്തിച്ചത് 202 റണ്‍സ്. 46-ാം ഓവറില്‍ നുവാൻ കുലശേഖരയുടെ പന്ത് ബൗണ്ടറിക്ക് പായിച്ച് രോഹിത് ഏകദിന കരിയറിലെ തന്റെ രണ്ടാം ഡബിള്‍ സെഞ്ച്വറി തികച്ചു.ഒടുവില്‍ ശ്രീലങ്കയുടെ നുവാൻ കുലശേഖരയുടെ പന്തില്‍ പുറത്താകുബോള്‍ താരം 173 പന്തില്‍ 264 റണ്‍സ് നേടി. ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 33 ബൗണ്ടറികളും 9 സിക്‌സറുകളും അടങ്ങുന്ന മനോഹരമായ ഇന്നിംഗ്സിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. രോഹിത്തിന്റെ റെക്കോർഡുകള്‍ ഭേദിച്ച പ്രകടനം ഇന്ത്യയെ 404-5 എന്ന ഭീമൻ സ്കോറിലെത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക രോഹിത് ഒറ്റയ്‌ക്ക് നേടിയ 264 റണ്‍സ് പോലും നേടാനാവാതെ കൂടാരം കയറി. ഇന്ത്യക്ക് 153 റണ്‍സിന്റെ വിജയം.മത്സരത്തിലെ ഡബിള്‍ സെഞ്ച്വറി പ്രകടനം രോഹിത്തിന് ഏകദിനത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിലൊരാള്‍ എന്ന വിശേഷണം താരത്തിന് നേടിക്കൊടുത്തു. ഏകദിന ക്രിക്കറ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയ ഏക കളിക്കാരനെന്ന റെക്കോർഡും ഹിറ്റ്മാന് സ്വന്തമായി. പത്ത് വർഷങ്ങള്‍ക്കിപ്പുറവും 264 എന്ന ആ മാന്ത്രിക സംഖ്യ മറികടക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.