ബാര്‍ബഡോസ് : വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടുമൊരിക്കല്‍ കൂടി അവസരം നഷ്ടമായിരുന്നു.സഞ്ജുവിന് പകരം ആദ്യ മത്സരത്തില്‍ ഇഷാൻ കിഷനെയാണ് ടീം കളിപ്പിച്ചത്. ടീം ഇലവനില്‍ സഞ്ജു ഇല്ലായിരുന്നെങ്കിലും മൈതാനത്ത് സഞ്ജുവിന്റെ ജേഴ്സി ഉണ്ടായിരുന്നു. സൂര്യകുമാര്‍ യാദവാണ് സഞ്ജുവിന്റെ ജേഴ്സി ധരിച്ച് കളിക്കാനിറങ്ങിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് സൂര്യയ്ക്ക് സ്വന്തം ജേഴ്സിക്ക് പകരം സഞ്ജുവിന്റെ ജേഴ്സി ധരിക്കേണ്ടിവന്നത്. സൂര്യയുടെ ജേഴ്സിയുടെ സൈസാണ് ഇവിടെ പ്രശ്നമായത്. ലാര്‍ജ് സൈസ് ജേഴ്സി ഉപയോഗിച്ചിരുന്ന സൂര്യയ്ക്ക് ടീം മാനേജ്മെന്റ് നല്‍കിയത് മീഡിയം സൈസായിരുന്നു. ഇതാണ് പ്രശ്നമായത്. പുതിയ സ്പോണ്‍സര്‍മാരായ ഡ്രീം ഇലവന്റെ ലോഗോ പതിച്ച പുതിയ ജേഴ്സിയാണ് ഇന്ത്യ മത്സരത്തിന് ഉപയോഗിച്ചത്. സൂര്യയ്ക്ക് ലഭിച്ചത് മീഡിയം സൈസിലുള്ള പുതിയ ജേഴ്സിയായിരുന്നു. നേരത്തേ ഈ ജേഴ്സി ഉപയോഗിച്ചാണ് ഫോട്ടോഷൂട്ടും മറ്റും നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഈ ജേഴ്സി സൈസ് തനിക്ക് യോജിക്കുന്നതല്ലെന്ന് ആദ്യ മത്സരത്തിന്റെ തലേ ദിവസമാണ് സൂര്യ ടീം മാനേജ്മെന്റിനെ അറിയിക്കുന്നത്. പുതിയ സൈസിലുള്ള ജേഴ്സി മത്സരത്തിന് മുൻപ് എത്തിക്കാൻ സാധിച്ചതുമില്ല. ഇതോടെയാണ് സൂര്യ, പ്ലേയിങ് ഇലവനില്‍ ഇല്ലാതിരുന്ന സഞ്ജുവിന്റെ ലാര്‍ജ് സൈസിലുള്ള ജേഴ്സി വാങ്ങിയത്.നിയമപ്രകാരം കളിക്കാര്‍ക്ക് ജേഴ്സിയുടെ പിറകില്‍ പതിച്ച പേരോ നമ്ബറോ ടേപ് ഉപയോഗിച്ച് മറയ്ക്കാൻ അനുവാദമില്ല. ഇതോടെയാണ് സഞ്ജുവിന്റെ പേര് മറയ്ക്കാതെ സൂര്യയ്ക്ക് കളിക്കേണ്ടിവന്നത്.
അതേസമയം രണ്ടാം ഏകദിനത്തിന് മുൻപും സൂര്യയ്ക്ക് പുതിയ ജേഴ്സി എത്തിച്ചുനല്‍കാൻ സാധിച്ചേക്കില്ലെന്നാണ് വിവരം. സഞ്ജുവിനെ തഴഞ്ഞത് വീണ്ടും ആരാധക രോഷത്തിന് കാരണമായിട്ടുണ്ട്. ഏകദിനത്തില്‍ 10 ഇന്നിങ്സില്‍ നിന്നും 66 ശരാശരിയില്‍ 104.7 സ്ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് നേടിയ താരത്തെ പുറത്തിരുത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് വ്യാപകമായ വിമര്‍ശനം.