മുംബൈ : ടി ട്വന്റി ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് മുന്നില്‍ വലിയ തലവേദനയായിരിക്കുന്നത് ടീം തിരഞ്ഞെടുപ്പാണ്. പല പൊസിഷനുകളിലും ഒന്നിലധികം താരങ്ങള്‍ മികവ് കാട്ടുന്നതിനാല്‍ ആരെയൊക്കെ ഇന്ത്യ പരിഗണിക്കണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.സെലക്ടര്‍മാരെ ഏറ്റവും കുഴപ്പിക്കുന്നത് വിക്കറ്റ് കീപ്പറായി ആരൊക്കെ എന്നതാണ്. അഞ്ച് താരങ്ങളാണ് ഈ സ്ഥാനത്തിനായി നോട്ടമിടുന്നത്. ഇവരില്‍ ആരെ തഴയുമെന്നതാണ് പ്രസക്തമായ ചോദ്യം.
ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള അഞ്ച് വിക്കറ്റ് കീപ്പര്‍മാര്‍. യുവതാരം ദ്രുവ് ജുറേലിന് ഇത്തവണ പരിഗണന ലഭിച്ചേക്കില്ല. അവസാനത്തെ 12 മാസത്തെ കണക്ക് നോക്കുമ്ബോള്‍ ഇവരില്‍ കൂടുതല്‍ ടി20 കളിച്ചത് ഇഷാന്‍ കിഷനാണ്. 11 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. സഞ്ജു സാംസണും ജിതേഷ് ശര്‍മയും 9 ടി20കളും കളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാനത്തെ ദക്ഷിണാഫ്രിക്കന്‍ പരമ്ബരയിലും ഇക്കഴിഞ്ഞ അഫ്ഗാനിസ്ഥാന്‍ പരമ്ബരയിലും ഇന്ത്യ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിച്ചത് ജിതേഷിനെയാണ്. ഓസ്‌ട്രേലിയക്കെതിരേ 19 പന്തില്‍ 35 റണ്‍സ് നേടി ജിതേഷ് ഞെട്ടിച്ചിരുന്നു. മധ്യനിരയില്‍ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള ജിതേഷ് ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. ഇതാണ് താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരം പെട്ടെന്ന് ഇംപാക്‌ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവനാണ്.
ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ സജീവ പരിഗണനയിലുള്ള വിക്കറ്റ് കീപ്പറാണ്. എന്നാല്‍ ഇഷാനെ കളിപ്പിക്കുകയെന്നത് ഇന്ത്യക്ക് വളരെ പ്രയാസമാണ്. കാരണം ഇഷാന്‍ ടോപ് ഓഡര്‍ താരമാണ്. ഇന്ത്യയെ സംബന്ധിച്ച് ടോപ് ഓഡറില്‍ കളിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ വലിയ നിരയുണ്ട്. അതുകൊണ്ടുതന്നെ ഇഷാനെ ടോപ് ഓഡറിലേക്ക് പരിഗണിക്കുക പ്രയാസമാണ്. അതേ സമയം താരത്തെ മധ്യനിരയിലേക്ക് പരിഗണിച്ചാല്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാനായേക്കില്ല.
അതുകൊണ്ടുതന്നെ ഇന്ത്യ ഇഷാനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചാലും വലിയ കാര്യമില്ല. ഓപ്പണിങ് ബാക്കപ്പായി ശുബ്മാന്‍ ഗില്ലുള്ളതിനാല്‍ ആ സ്ഥാനത്തേക്കും ഇഷാനെ പരിഗണിക്കാനാവില്ല. കൂടാതെ ഇഷാനും ടീം മാനേജ്‌മെന്റും തമ്മിലുള്ള ബന്ധവും മോശമായിരിക്കുകയാണ്. മാനസിക വിശ്രമം ആവശ്യപ്പെട്ട് ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത താരമാണ് ഇഷാന്‍. എന്നാല്‍ അതിന് ശേഷം താരം മാധ്യമങ്ങള്‍ക്ക് അഭിമുഖമടക്കം നല്‍കി.ഇതില്‍ ടീം മാനേജ്‌മെന്റിന് അതൃപ്തിയുണ്ട്.
സഞ്ജു സാംസണിലേക്ക് വരുമ്പോള്‍ ബാറ്റിങ്ങാണ് പ്രശ്‌നം. വിക്കറ്റിന് പിന്നില്‍ സഞ്ജു മിന്നല്‍ പ്രകടനം നടത്താന്‍ കഴിവുള്ളവനാണ്. എന്നാല്‍ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ സ്ഥിരതയാണ് പ്രശ്‌നം. വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്ന് പറയാനാവില്ല.
തന്റേതായ ദിവസം ഏത് ബൗളര്‍മാരേയും തല്ലിപ്പറത്താന്‍ കഴിവുണ്ട്. എന്നാല്‍ സ്ഥിരതയോടെ തല്ലിത്തകര്‍ക്കുമെന്ന് പറയുക പ്രയാസമാണ്. അഫ്ഗാന്‍ പരമ്പരയിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. റിഷഭ് പന്ത് വരുന്ന ഐപിഎല്ലിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇന്ത്യ റിഷഭിനെ ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്.
കെ എല്‍ രാഹുല്‍ ഇന്ത്യയുടെ സീനിയര്‍ താരമാണ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന രാഹുലിന് ടി20യില്‍ കാര്യമായ അവസരമില്ല. കാരണം രാഹുല്‍ പതിയെ തുടങ്ങി ആക്രമിക്കുന്ന ശൈലിക്കാരനാണ്. ഈ ശൈലിയോട് ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ രാഹുല്‍ ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാന്‍ സാധ്യത കുറവാണെന്ന് തന്നെ വിലയിരുത്താം.