ഡല്‍ഹി : പരിക്ക് അലട്ടുന്ന ശ്രീലങ്കക്കും ദക്ഷിണാഫ്രിക്കക്കും ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരം. പേസ് ബൗളര്‍മാരായ അനാറിക് നോര്‍കിയയും സിസാൻഡ മഗലയും ദക്ഷിണാഫ്രിക്കൻ നിരയില്‍ കളിക്കില്ല.ലങ്കയുടെ ലെഗ് സ്പിന്നര്‍ വാനിന്ദു ഹസരംഗയും പേസര്‍മാരായ ദുഷ്മന്ത ചമീരയും ലാഹിരു മധുശങ്കയും കളിക്കാൻ സാധ്യത കുറവാണ്.
ലോകകപ്പില്‍ ആറു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതില്‍ നാലും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. സമീപകാല ഫോമിന്റെ അടിസ്ഥാനത്തിലും ആഫ്രിക്കൻ സംഘത്തിനാണ് മുൻതൂക്കം. എന്നാല്‍, സ്ലോ ബൗളര്‍മാര്‍ക്ക് സഹായമാകുന്ന അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ചില്‍ ലങ്കയും മോശക്കാരാക്കില്ല.അനാറിക് നോര്‍കിയയുടെ അഭാവത്തില്‍ കാഗിസോ റബാദയും യുവതാരം ജെറാള്‍ഡ് ക്യൂറ്റ്സിയും ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ്ങിന് നേതൃത്വമേകും. ബാറ്റിങ്ങില്‍ ഹെന്റിച്ച് ക്ലാസൻ ലങ്കക്ക് വൻ ഭീഷണിയാണ്. ക്യാപ്റ്റൻ തെംബ ബാവുമ, ഡേവിഡ് മില്ലര്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരും ബാറ്റിങ്ങിലെ കരുത്താണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലങ്കൻ സ്പിന്നര്‍മാരായ മഹീഷ് തീക്ഷണയും ദുനിത് വെല്ലാലഗെയും ഫോമിലാണ്. ലാഹിരു കുമാരയും ദില്ഷൻ മധുശങ്കയും മതീഷ പതിരനയും പേസര്മാരായുണ്ടാകും. ദിമുത് കരുണരത്നെ, കുശാല്‍ പെരേര, പതും നിസാങ്ക, സദീര സമരവിക്രമ എന്നിവരാണ് ബാറ്റിങ് കരുത്ത്.പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെൻഡിസിന്റെ വമ്പനടികളും തുണയാകും. ക്യാപ്റ്റൻ ദാസുൻ ശാനകയുടെ മോശം ഫോമാണ് ടീമിനെ വലക്കുന്നത്. ഉച്ചക്ക് രണ്ടു മണിക്കാണ് മത്സരം.