പെർത്ത്: പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ബൗളർമാരുടെയും ഓപ്പണർമാരുടെയും മികവിൽ ടീം ഇന്ത്യ കരുത്തുറ്റ നിലയിൽ. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംങ്‌സിൽ 46 റണ്ണിന്റെ ലീഡ് എടുത്ത ഇന്ത്യ ഓപ്പണർമാരുടെ മികവിൽ മുന്നോട്ട് കുതിയ്ക്കുകയാണ്. 193 പന്ത് നേരിട്ട് രണ്ടു സിക്‌സും ഏഴു ഫോറും പറത്തിയാണ് ജയ്‌സ്വാൾ 90 റൺ നേടിയിരിക്കുന്നത്. 153 പന്ത് നേരിട്ട് നാലു ഫോറുകൾ മാത്രം അടിച്ചാണ് രാഹുൽ 63 റൺ നേടിയിരിക്കുന്നത്. രണ്ടാം ദിനം 57 ഓവർ ബാറ്റ് ചെയ്ത ടീം ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടമാകാതെ 172 റണ്ണാണ് നേടിയിരിക്കുന്നത്. സ്‌കോർ – ഇന്ത്യ – 150, 172/0 ഓസ്‌ട്രേലിയ – 104
ആദ്യ ഇന്നിംങ്‌സിൽ 150 റണ്ണിന് എല്ലാവരും പുറത്തായ ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചു വരവാണ് പെർത്തിൽ രണ്ടാം ഇന്നിംങ്‌സിൽ കണ്ടത്. ആദ്യ ഇന്നിംങ്‌സിൽ പൂജ്യത്തിന് പുറത്തായ ജയ്‌സ്വാൾ മികച്ച പ്രതിരോധമാണ് തീർത്തത്. ഓസീസ് ബൗളർമാരെ കൃത്യമായി നേരിട്ട് അനാവശ്യമായ ഷോട്ടുകൾ ഒന്നുമില്ലാതെയാണ് ജയ്‌സ്വാൾ കളിച്ചത്. രാഹുലും പതിവ് പോലെ ശ്രദ്ധയോടെ കളിച്ചതോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക് കുതിയ്ക്കുന്നത്. മൂന്നു ദിവസം ശേഷിയ്‌ക്കെ ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പ് എത്രത്തോളം നീളും എന്നതിന് അനുസരിച്ച് ഇരിക്കും ഇന്ത്യയുടെ വിജയസാധ്യത. ഇന്ത്യ തോൽക്കും എന്നു കരുതിയിടത്തു നിന്നുള്ള ശക്തമായ തിരിച്ചു വരവാണ് മത്സരം കണ്ടത്.