കൊച്ചി: താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. താമിര്‍ ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണം ഏറ്റവും വേഗം ആരംഭിക്കാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണമെന്നും, സിബിഐ ഓഫീസര്‍മാര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസ് അട്ടിമറിക്കാനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ശ്രമമെന്നാണ് ഹാരിസ് ജിഫ്രിയുടെ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. കൊലപാതകം നടത്തിയ പൊലീസുകാരെ മലപ്പുറം എസ്പി സംരക്ഷിക്കുന്നുവെന്നും കേസിലെ സാക്ഷികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കുന്നുവെന്നും ഹർജിയിൽ ഹാരിസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉന്നത പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 9നാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുകയായിരുന്നു.