യു.എസ്: അറ്റ്ലാൻറിക് സമുദ്രത്തിൽ തകർന്നടിഞ്ഞ ടൈറ്റൻ എന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിർണായകമായി. പേടകത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. ലഭ്യമായ അവശിഷ്ടങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കണക്കു കൂട്ടൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് അപകടത്തില്‍പ്പെട്ടത്. പേടകത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരും അപകടത്തില്‍ മരിച്ചതായാണ് ഓഷ്യൻ ഗേറ്റ് സ്ഥിരീകരിച്ചത്.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.