തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ധനുഷും നാഗാർജ്ജുനയും ആദ്യമായി ഒരുമിക്കുന്നു. ‘ഡിഎൻഎസ്’ എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാനയാണ് നായിക. ധനുഷിന്റെയും നാഗാർജ്ജുനയുടെയും സംവിധായകൻ ശേഖറിന്റെയും പേരുകളുടെ ആദ്യത്തെ അക്ഷരം ചേർത്താണ് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്നത്. ശേഖർ കമ്മൂല ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രമാണ് ഡിഎൻഎസ്. ധനുഷും രശ്മികയും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹാപ്പി ഡേയ്‌സ്, ഫിദ, ലവ് സ്റ്റോറി എന്നീ ചിത്രങ്ങളാണ് ശേഖർ കമ്മൂല നേരത്തെ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ശേഖറിന്റെ കരിയറിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഡിഎൻഎസ്.
ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറില്‍ നാരായണ്‍ ദാസ് കെ നാരംഗ്, സുനില്‍ നാരംഗ്, പുസ്‌കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നികേത് ഭൂമിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. വളരെ വ്യത്യസ്തമായൊരു വേഷത്തിലാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ഇന്ന് നടന്ന പൂജ ചടങ്ങില്‍ ധനുഷും സംവിധായകനും മറ്റ് അണിയറ പ്രവർത്തകരുമാണ് പങ്കെടുത്തത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടനുണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.