കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ തേടി ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിൻരെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ.
കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ആലുവയിലെ വീട്ടിലെ ഹാളിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലുവയിലെ വീട്ടിൽ വെച്ച് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ഗൾഫിൽ നിന്നെത്തിയ വിഐപി ദിലീപിന് കൈമാറിയെന്നും, ഈ വീഡിയോ കാണാൻ ദിലീപ് ക്ഷണിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വീട്ടിൽ വെച്ച് കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരടക്കം ആറുപേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. കേസിൽ ദൃശ്യങ്ങൾ കൈമാറിയെന്ന് ആരോപണവിധേയനായ വിഐപിയും പ്രതിയാണ്. അന്വേഷണ ചുമതലയിൽ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റണമെന്ന് ഒരു മന്ത്രിയെ വിളിച്ച് വിഐപി ആവശ്യപ്പെട്ടതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.