കടുത്തുരുത്തി സ്വദേശിക്ക് ഒരുലക്ഷം രൂപ പിഴ വിധിച്ച് ഹൈക്കോടതി; കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹര്‍ജി ചെലവ് സഹിതം തള്ളി; ഹര്‍ജിക്കാരന് കോടതിയുടെ രൂക്ഷവിമര്‍ശനവും

കൊച്ചി: കൊവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹര്‍ജി ചെലവ് സഹിതം തള്ളി. കേരള ഹൈക്കോടതിയുടെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഹരജിക്കാരന്‍ ഒരു ലക്ഷം രൂപ പിഴ ആറാഴ്ചക്കകം കേരള ലീഗല്‍ സര്‍വീസസ് സൊസൈറ്റിയില്‍ അടക്കണം എന്നും ഹൈക്കോടതി വിധിച്ചു.ഹര്‍ജി തീര്‍ത്തും ബാലിശമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ട്. പൊതു താത്പര്യമല്ല, പ്രശസ്തി താത്പര്യമാണ് ഹരജിക്ക് പിന്നിലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗൗരവമുള്ള കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുമ്പോള്‍ അനാവശ്യ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisements

പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്സീന്‍ എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കടുത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വരുന്നതിന് എന്തിന് നാണിക്കണമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ പലര്‍ക്കും ഉണ്ടാകാമെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണ്. നൂറ് കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹര്‍ജിക്കാരനുള്ളത്. ഇത്തരം ഹര്‍ജികള്‍ കൊണ്ടുവന്ന് ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വി.പി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

Hot Topics

Related Articles