കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കസ്റ്റംസ്. 3000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്നതിന് തെളിവില്ലെന്ന് കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.
കേസിലെ ഒന്നാം പ്രതി സരിത്താണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേസിലെ 29ാം പ്രതിയാണ്. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ റമീസാണ്. 2019 മുതല്‍ 21 തവണയാണ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തികൊണ്ടു വന്ന സ്വര്‍ണം കസ്റ്റംസ് പിടിച്ചത്. തുടര്‍ന്ന് എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനെത്തി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനേയും മുന്‍ മന്ത്രി കെ.ടി.ജലീലിനേയും ചോദ്യം ചെയ്തിരുന്നു.