ജാഗ്രതാ ന്യൂസ്
ബ്യൂറോ റിപ്പോർട്ട്
കോട്ടയം: ഡിഎസ്പി ബ്ലാക്ക് കിട്ടാനില്ല, റോയൽ ആംസും ഇല്ല. ആകെയുള്ളത് പ്രോട്ടോക്കോളും എം.എച്ചും മാത്രം. കോട്ടയം ജില്ലയിലെ ബിവറേജസ് ഷോപ്പുകളിലെ സ്ഥിതിയാണ് ഇത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം ജില്ലയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലികളിൽ ജനപ്രിയ ബ്രാൻഡുകൾ ഒന്നും ലഭിക്കുന്നില്ല. കോട്ടയം ജില്ലയിലെ ബിവറേജസ് ഷോപ്പുകളിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് ആയിരം രൂപയിൽ താഴെ വിലയുള്ള പ്രീമിയം ബ്രാൻഡ് മദ്യമായിരുന്നു. ഇതിൽ താരതമ്യേനെ നല്ല വിൽപ്പന നടക്കുന്ന എം.സി, എം.എച്ച്, ഡിഎസ്പി ബ്ലാക്ക്, റോയൽ ആംസ് എന്നീ ബ്രാൻഡുകൾക്കായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി ഈ ബ്രാൻഡ് മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഈ ബ്രാൻഡുകൾ ചോദിക്കുന്നവർക്ക് പ്രോട്ടോക്കോളും എം.എച്ചും മാത്രമാണ് നൽകുന്നത്. ഇതേ തുടർന്ന് പല ദിവസങ്ങളിലും മദ്യശാലകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അടുത്ത ആഴ്ച മുതൽ മദ്യത്തിന് വില വർദ്ധിപ്പിക്കാൻ കമ്പനികൾ തീരുമാനിച്ചതായി സൂചനയുണ്ട്. ഈ ആവശ്യം ഉന്നയിച്ച് കമ്പനികൾ ബിവറേജസ് കോർപ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനികൾ ഈ ബ്രാൻഡ് മദ്യം വിതരണം ചെയ്യാത്തതെന്നാണ് ഉയരുന്ന വിമർശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജവാനും വില വർദ്ധിക്കുന്നു
സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടാൻ തീരുമാനം: അടുത്ത മാസത്തോടെ വില വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. സർക്കാർ നിർമിത മദ്യമായ ജവാന്റെ വിലയും വർദ്ധിപ്പിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. ലിറ്റർ 57 രൂപയായിരുന്ന സ്പിരിറ്റ് 67ലേക്കെത്തിയതാണ് മദ്യത്തിന്റെ വില ഉയരാൻ കാരണമായത്. അതേസമയം, ഇനിയും വില വർദ്ധിപ്പിച്ചാൽ വ്യാജമദ്യത്തിന്റെ ഉപയോഗം വ്യാപകമാകുമെന്ന ആശങ്ക സർക്കാരിനുമുണ്ട്. അതുകൊണ്ട് വിലവർദ്ധനയുടെ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിട്ട് ഏൽക്കാത്ത തരത്തിൽ വർദ്ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സർക്കാരിൻറെ പരിഗണനയിലുണ്ട്.
മദ്യത്തിന് ഇരുപതുശതമാനം മുതലുള്ള വർദ്ധനയാണ് കമ്പനികളുടെ ആവശ്യം. വില വർദ്ധന എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ച നടക്കുകയാണ്. കൊവിഡ് കാലത്ത് വരുത്തിയ 35 ശതമാനം വർദ്ധന ഇതുവരെയും പിൻവലിച്ചിട്ടില്ല.