കോട്ടയം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ ഓപ്പറേഷൻ മൂൺലൈറ്റിൽ തെളിഞ്ഞത് വൻ കൊള്ള. മദ്യം പൊതിഞ്ഞു നൽകാൻ ബിവറേജസ് ഔട്ട് ലെറ്റുകളിൽ സൂക്ഷിച്ചിരുന്ന പേപ്പർ വാങ്ങിയതിൽ അടക്കം വ്യാപകമായ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പേപ്പർ മറിച്ചു വിറ്റതും, വാങ്ങാത്ത പേപ്പറിന്റെ പേരിൽ പണം അടിച്ചു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയംചന്തക്കടവിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ ക്രമക്കേട് കണ്ടെത്തി. കയ്യിൽ സൂക്ഷിച്ച പണം രേഖപ്പെടുത്തേണ്ട രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തി. 10000 രൂപ രജിസ്റ്ററിൽ രേഖപ്പെടുത്താതെ കൈവശം വച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കിങ് ഫിഷർ ബിയർ 30 കേസ് സ്റ്റോക്കുണ്ടായിട്ടും ഉപഭോക്താക്കൾക്ക് നൽകിയില്ലെന്നും കണ്ടെത്തി. കിങ് ഫിഷർ ചോദിക്കുന്നവർക്ക് സ്‌റ്റെറിംങ് സെവൻ എന്ന ബ്രാൻഡ് ബിയറാണ് വിതരണം ചെയ്തിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിവറേജസിലെ ഇംമ്പ്രസ്ഡ് രജിസ്റ്റർ പ്രകാരം 120 കിലോ പേപ്പർ സെപ്റ്റംബർ 30 ന് വാങ്ങിയതായി കണക്കിലുണ്ടായിരുന്നു. എന്നാൽ, വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ 15 കിലോ മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. ഷോപ്പ് അറ്റൻഡന്റായ വ്യക്തി സ്വന്തം ഗൂഗിൾ പേ അക്കൗണ്ടിൽ പണം വാങ്ങിയ ശേഷം മദ്യം വിൽപ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള ബെവ്‌കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്നും യഥാർത്ഥ വിലയേക്കാൾ കൂടുതൽ ചില ഉദ്യോഗസ്ഥർ ഈടാക്കുന്നതായും, കുറഞ്ഞ വിലയിലുള്ള മദ്യം സ്‌റ്റോക്കുണ്ടെങ്കിലും കൂടുതൽ വിലയിലുള്ള മദ്യം വിൽപ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായി മദ്യക്കമ്പനികളിൽ നിന്നും പ്രതിഫലം കൈപ്പറ്റിയതായും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇത് കൂടാതെയാണ് ഇതരസംസ്ഥാന തൊഴിലാളികളായ ഉപഭോക്താക്കൾക്ക് ബില്ലില്ലാതെ മദ്യം വിൽക്കുന്നതായും, ഡാമേജ് എന്ന പേരിൽ വ്യാപകമായി ക്രമക്കേട് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 11 ഉം, എറണാകുളത്ത് 10 ഉം, കോഴിക്കോട് ആറും കൊല്ലം , പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ , മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ അഞ്ചു വീതവും , തൃശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ നാലു വീതവും ബിവറേജസ് ഷോപ്പുകളിൽ അടക്കം 78 ഷോപ്പുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ്കുമാറിന്റെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്.