ദുബായ്: യു എ ഇയില്‍ അടുത്ത മാസം മുതല്‍ ആര്‍ക്കും പാര്‍ട്ട് ടൈം തൊഴില്‍ ചെയ്യാമെന്ന് മാനവ വിഭവ ശേഷി, സ്വദേശി വത്കരണ മന്ത്രാലയം. താത്ക്കാലിക വര്‍ക്ക് പെര്‍മിറ്റ് മാത്രമാണ് ഇതിനു വേണ്ടത്. യു എ ഇയിലെ പുതിയ തൊഴില്‍ നിയമം ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്.പ്രധാന ജോലികള്‍ക്ക് പുറമെ പാര്‍ട്ട് ടൈം ജോലിയും ചെയ്യാന്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏവരെയും നിയമം അനുവദിക്കുന്നു. പ്രാഥമിക തൊഴിലുടമയുടെ അംഗീകാരം പോലും ആവശ്യമില്ല. മാനവ വിഭവശേഷി-സ്വദേശി വത്ക്കരണ മന്ത്രാലയമാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയെന്ന് ബുധനാഴ്ച മന്ത്രാലയം ട്വീറ്റ് ചെയ്തു. പാര്‍ട്ട് ടൈം, താല്‍കാലിക ജോലികള്‍ ഉള്‍പ്പെടെ വിവിധ തൊഴില്‍ മാതൃകകളും സ്വീകരിക്കാം.കോവിഡിനുശേഷമുള്ള ജോലി സാഹചര്യംകൂടി പരിഗണിച്ചാണ് തൊഴില്‍ നിയമത്തില്‍ സമഗ്ര പരിഷ്‌കാരം കൊണ്ടുവന്നതെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി ഡോ. അബ്ദുല്‍റഹ്‌മാന്‍ അല്‍ അവാര്‍ പറഞ്ഞു. 2022 ഫെബ്രുവരി 2 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
സുവര്‍ണ ജൂബിലി നിറവില്‍ അടുത്ത 50 വര്‍ഷത്തെ പദ്ധതികള്‍ക്കു രൂപം നല്‍കുന്ന യുഎഇ കൂടുതല്‍ തൊഴില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിലാളികളെ ദ്രോഹിച്ചാല്‍ഒരു ലക്ഷം ദിര്‍ഹം വരെയുള്ള തൊഴില്‍തര്‍ക്ക പരിഹാര കേസുകള്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. തൊഴിലാളിക്കെതിരെ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നവര്‍ക്കു കനത്ത ശിക്ഷയുണ്ടാകും. പ്രൊബേഷന്‍ കാലാവധി 6 മാസത്തില്‍ കൂടിയാലും നടപടിയെടുക്കും. ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കാന്‍ പാടില്ല. കരാര്‍ കാലാവധി അവസാനിച്ചാല്‍ രാജ്യം വിടാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കരുത്. മറ്റിടങ്ങളില്‍ ജോലി അന്വേഷിക്കാന്‍ അവസരം നല്‍കണം. റിക്രൂട്ട്‌മെന്റ്, വീസ ചെലവുകള്‍ കമ്പനി ഉടമയാണ് വഹിക്കേണ്ടത്.
ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലിക്കു പകരം ആവശ്യമെങ്കില്‍ അവ കുറഞ്ഞത് 3 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാം. അതുപോലെ 2 പേര്‍ ചേര്‍ന്ന് ഒരാളുടെ ജോലി ചെയ്യാനും വേതനം പങ്കിട്ടെടുക്കാനും പുതിയ നിയമത്തില്‍ അനുമതിയുണ്ട്. എന്നാല്‍ കമ്പനിയുമായി ഇതിനു പ്രത്യേക കരാര്‍ ഉണ്ടാക്കണം.അവധി, പ്രസവാവധിവാരാന്ത്യ അവധിക്കു പുറമെ അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ 35 ദിവസം വരെ അവധി നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.
വേതനത്തില്‍ സ്ത്രീ, പുരുഷ സമത്വം ഉറപ്പാക്കുന്നതുള്‍പ്പെടെ തൊഴിലാളികളുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കി യുഎഇയുടെ പുതിയ തൊഴില്‍ നിയമത്തില്‍ ഒട്ടേറെ സവിശേഷതകളുണ്ട്. 2 വര്‍ഷത്തെ തൊഴില്‍ കരാര്‍ കാലാവധി 3 വര്‍ഷമാക്കി. അനുയോജ്യ ജോലി സമയം തിരഞ്ഞെടുക്കാനും അനുമതിയുണ്ട്. വ്യത്യസ്ത കഴിവുകളുള്ളവര്‍ക്ക് ദിവസ, മണിക്കൂര്‍ അടിസ്ഥാനത്തില്‍ പ്രത്യേക കരാറുണ്ടാക്കി ഒന്നിലേറെ കമ്പനിയില്‍ പാര്‍ട് ടൈം ജോലി ചെയ്യാമെന്നതാണ് മറ്റൊരു ആകര്‍ഷണം. 15 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും ജോലി ചെയ്യാം. ഒരു മണിക്കൂര്‍ ഇടവേള ഉള്‍പ്പെടെ ആറ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കാന്‍ പാടില്ല. കൗമാരക്കാരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുംവിധം വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെയുള്ള ഷിഫ്റ്റുകളിലും ജോലി ചെയ്യിക്കരുത്. രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതവും മെഡിക്കല്‍ ഫിറ്റ്‌നസ് റിപ്പോര്‍ട്ടും നിര്‍ബന്ധം.ഫ്രീലാന്‍സ്, ഹ്രസ്വകാല ജോലി, സ്വയംതൊഴില്‍ തുടങ്ങിയ മാതൃകകള്‍ക്കും അംഗീകാരമുണ്ട്.
യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ 10 ദിവസത്തെ പഠന അവധിക്കും അര്‍ഹതയുണ്ട്.പ്രസവാവധി 60 ദിവസമാക്കി വര്‍ധിപ്പിക്കാം. 45 ദിവസം മുഴുവന്‍ വേതനവും 15 ദിവസം പകുതി വേതനവും നല്‍കണം. തക്ക കാരണമുണ്ടെങ്കില്‍ ശമ്പളമില്ലാത്ത 45 ദിവസം കൂടി അവധി എടുക്കാം. കുട്ടികളുടെ ചികിത്സാര്‍ഥം 30 ദിവസം ശമ്പളത്തോടുകൂടിയും 30 ദിവസം ശമ്പളമില്ലാത്ത അവധിയും ലഭിക്കും.ജോലിക്കിടയില്‍ ഇടവേളതൊഴിലാളികള്‍ക്കിടയില്‍ ജാതി, മത, വര്‍ണ, ലിംഗ വിവേചനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇടവേളയില്ലാതെ (ഒരു മണിക്കൂര്‍) തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ജോലിയെടുപ്പിക്കരുത്. ഒരു ദിവസം 2 മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുത്.അടിയന്തര ഘട്ടങ്ങളില്‍ 2 മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കിയാല്‍ 25%, രാത്രി 10-പുലര്‍ച്ചെ 4 സമയത്തിനിടയിലെ ജോലിക്കും അവധി ദിവസത്തെ ജോലിക്കും 50%വും അധിക വേതനം നല്‍കണം.