തിരുവനന്തപുരം: തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി സതീഷ് കുമാറിന്റെ ഡ്രൈവർ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇ പി ജയരാജൻ പരാതിയിൽ പറയുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി സതീഷ് കുമാറിന് ഉന്നത സിപിഐഎം നേതാക്കളുമായി ബന്ധം ഉണ്ടെന്ന് സതീഷ് കുമാറിന്റെ ഡ്രൈവർ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. എൽഡിഎഫ് കൺവീനറുമായി ബന്ധമുണ്ടെന്നും സതീഷ് കുമാറിന്റെ ഡ്രൈവർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. നടന്നത് വലിയ ഇടപാടുകളാണെന്നും ബിജു ആരോപിച്ചിരുന്നു. തുടർന്നാണ് പരാതിയുമായി ജയരാജൻ രംഗത്ത് എത്തിയത്.