കോട്ടയം: തൊഴിലുറപ്പ്-നിര്‍മാണ മേഖലയിലെ തൊഴിലാളികളടക്കം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഇ-ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.
തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം തയാറാക്കിയ ആധാര്‍ അധിഷ്ഠിതമായ ദേശീയ വിവര രജിസ്ട്രേഷന്‍ സംവിധാനമാണ് ഇ-ശ്രം പോര്‍ട്ടല്‍. 16 മുതല്‍ 59 വയസുവരെയുള്ള അസംഘടിത തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇ.എസ്.ഐ., ഇ.പി.എഫ്.ഒ. ആനുകൂല്യം ഇല്ലാത്തവര്‍ക്കും വരുമാനനികുതി പരിധിയില്‍പ്പെടാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സും ലഭിക്കും. അടിയന്തര-ദുരന്തസാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജിസ്റ്റര്‍ ചെയ്യേണ്ട വിധം
ആധാര്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിക്കപ്പെട്ട മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിച്ച് https://register.eshram.gov.in/ എന്ന പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രം വഴിയും രജിസ്റ്റര്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രം വഴിയാണ് രജിസ്ട്രേഷന്‍ സൗകര്യം. രജിസ്ട്രേഷന്‍ സൗജന്യമാണ്. ഡിസംബര്‍ 31 വരെയാണ് രജിസ്ട്രേഷന്‍.
ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം?
അസംഘടിത തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലുകാര്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ പ്രവര്‍ത്തകര്‍,അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ചെറുകിട-നാമമാത്ര കര്‍ഷകര്‍, മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടവര്‍, ബീഡിത്തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, നെയ്ത്തുകാര്‍, ആശാരിമാര്‍, ഇഷ്ടിക ചൂള, കല്ല് ക്വാറികളിലെ തൊഴിലാളികള്‍, മില്ലുകളിലെ തൊഴിലാളികള്‍, മീഡ്വൈഫ്, ബാര്‍ബര്‍, പഴം-പച്ചക്കറി കച്ചവടക്കാര്‍, ന്യൂസ് പേപ്പര്‍ വെണ്ടര്‍മാര്‍, റിക്ഷതൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, സെറികള്‍ച്ചര്‍ തൊഴിലാളികള്‍, മരപ്പണിക്കാര്‍, ടാറിംഗ് തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍.
അക്ഷയ/കോമണ്‍ സര്‍വീസ് സെന്ററുകളെ ഉപയോഗിച്ച് ഇ-ശ്രം രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തദ്ദേശ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. രജിസ്ട്രേഷന്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പ് മേധാവികളോടും വിവിധ ബോര്‍ഡുകളുടെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാരോടും നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 31 നകം ജില്ലയിലെ മുഴുവന്‍ അസംഘടിത തൊഴിലാളികളുടെയും രജിസ്ടേഷന്‍ നടപടി പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇ-ശ്രം പദ്ധതി നോഡല്‍ ഓഫീസറായ ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി വിനോദ് കുമാര്‍ പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.